കൊൽക്കത്ത: ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയുന്ന സൗരവ് ഗാംഗുലി വീണ്ടും സ്വന്തം തട്ടകത്തിലേക്ക് മടങ്ങുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബംഗാളിന്‍റെ സ്വന്തം ദാദ മത്സരിക്കും. ഗാംഗുലി ചൊവ്വാഴ്‌ച(18.10.2022) നാമനിർദേശ പത്രിക സമർപ്പിക്കും. ഒക്‌ടോബർ 31നാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും.
അതേസമയം തെരഞ്ഞെടുപ്പ് നടന്നാൽ മാത്രമേ ഗാംഗുലി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കൂ എന്ന് സിഎബി വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് രണ്ട് നാമനിർദേശ പത്രികകൾ സമർപ്പിച്ചാൽ ഒരു ചാൻസ് എടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിൽ അദ്ദേഹം പിൻമാറി അദ്ദേഹത്തിന്‍റെ സഹോദരൻ സ്‌നേഹാശിഷിനെ പ്രസിഡന്‍റാക്കും.
സ്നേഹാശിഷാണ് നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി. അതേസമയം ഗാംഗുലിയുടെ പക്ഷത്തുനിന്നുള്ള പാനലുകളും ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. സൗരവ് ഗാംഗുലി (പ്രസിഡന്‍റ്), പ്രബീർ ചക്രവർത്തി (സെക്രട്ടറി), ദേബബ്രത ദാസ് (ജോയിന്‍റ് സെക്രട്ടറി), സ്നേഹാശിഷ് ഗാംഗുലി (വൈസ് പ്രസിഡന്‍റ്), നരേഷ് ഓജ (ട്രഷറർ) എന്നിങ്ങനെയായിരിക്കും പാനലുകൾ.
അതേസമയം ബിസിസിഐയിൽ സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി പുതിയ പ്രസിഡന്‍റാകും. റോജർ ബിന്നി മാത്രമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. നിലവിലെ സെക്രട്ടറിയായ ജയ് ഷാ സെക്രട്ടറിയായി തല്‍സ്ഥാനത്ത് തുടരുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവായ ആശിഷ് ഷെലാറാകും ബിസിസിഐയുടെ പുതിയ ട്രഷറര്‍.