ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ 4 പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് 3 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിങ്, അജയ് കുമാര്‍ എന്നീ നാല് പേരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. അഞ്ചാം പ്രതിയായ അജയ് സേത്തിനാണ് 3 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. ഡല്‍ഹി സാകേത് അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2008ലാണ് മലയാളി മാധ്യമ പ്രവര്‍ത്തകയായ സൗമ്യ വിശ്വനാഥന്‍ ഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്. ഒന്നരപതിറ്റാണ്ട് നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. ഇന്ന് (നവംബര്‍ 25) വൈകിട്ട് മൂന്നരയോടെയാണ് വിധി പറഞ്ഞത്. സൗമ്യയുടെ മാതാപിതാക്കളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
കാറിലെ കൊലപാതകം ഇങ്ങനെ: 2008 സെപ്‌റ്റംബര്‍ 30നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ സൗമ്യ വിശ്വനാഥനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്‌റ്റ്‌മോര്‍ട്ടം അടക്കമുള്ള പരിശോധനയ്‌ക്ക് ശേഷമാണ് സൗമ്യ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയാനായത്.
സൗമ്യയുടെ തലയില്‍ നിന്നും വെടിയുണ്ട കണ്ടെത്തുകയും ചെയ്‌തു. തുടര്‍ന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിച്ചു. സൗമ്യയുടെ കാര്‍ അപകടത്തില്‍പ്പെട്ട വസന്ത് കുഞ്ചിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചു. ഇതില്‍ സൗമ്യയുടെ കാറിനെ പിന്തുടര്‍ന്നെത്തുന്ന മറ്റൊരു കാര്‍ കണ്ടെത്തി. എന്നാല്‍ ദൃശ്യങ്ങളിലെ അവ്യക്തത അടക്കം കേസിന്‍റെ മുന്നോട്ടുള്ള അന്വേഷണത്തിന് തടസമാകുകയും അന്വേഷണം നിലക്കുകയും ചെയ്‌തു.
അന്വേഷണത്തിന് വഴിത്തിരിവായി മറ്റൊരു കേസ്: സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ തുടര്‍ അന്വേഷണം സാധ്യമാകാതെ വഴിമുട്ടിയപ്പോഴാണ് സമാനമായ മറ്റൊരു കൊലപാതകം കൂടിയുണ്ടാകുന്നത്. കോള്‍ സെന്‍റര്‍ എക്‌സിക്യൂട്ടിവായ യുവതിയാണ് കൊല്ലപ്പെട്ടത്. ഈ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ കാറിനെ മറ്റൊരു സംഘം പിന്തുടര്‍ന്നതായി കണ്ടെത്തിയത്. കാറിലുണ്ടായിരുന്നവരില്‍ ഒരാള്‍ സൗമ്യയെ പിന്തുടര്‍ന്നെത്തിയ കാറിലും ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായി. ഇതോടെയാണ് സൗമ്യ കൊലക്കേസില്‍ പുതിയ വഴിത്തിരിവായത്.
also read: സൗമ്യ വിശ്വനാഥന്‍ കൊലക്കേസ് : 15 വര്‍ഷത്തെ നിയമ പോരാട്ടം, പ്രതികളുടെ ശിക്ഷാവിധി നാളെ