ന്യൂഡൽഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ ഡല്‍ഹിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി (Soumya Vishwanathan Murder Case Verdict- All Accused found Convicted). ഡൽഹിയിലെ സാകേത് കോടതിയാണ് (Saket Court, Delhi) കൊല നടന്ന് ഒന്നര പതിറ്റാണ്ടിനുശേഷം വിധി പറഞ്ഞത്. പ്രതികളായ രവി കപൂർ, ബൽജീത് സിങ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനൽ പശ്ചാത്തലമുണ്ടെന്നും, ഇവര്‍ക്കെല്ലാം സൗമ്യയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നും, കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. അഞ്ചുപേര്‍ക്കെതിരെയും മക്കോക പ്രകാരമുള്ള വകുപ്പുകളും ചുമത്തി. പ്രതികള്‍ക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു. കുറ്റിപ്പുറം പേരിശന്നൂര്‍ കിഴിപ്പള്ളി മേലേവീട്ടില്‍ വിശ്വനാഥന്‍ - മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. മുംബൈയിൽ സ്ഥിരതാമസമാക്കിയ ഇരുവരും ഇന്ന് വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു.
2008 സെപ്‌റ്റംബർ 30 നാണ് ദില്ലിയിൽ ഇന്ത്യാ ടുഡേ (India Today) ഗ്രൂപ്പിന്‍റെ 'ഹെഡ്‌ലൈൻസ് ടുഡേ' ചാനലിൽ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ കൊല്ലപ്പെടുന്നത്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് സൗമ്യ കാറിൽ വീട്ടിലേക്ക് മടങ്ങവെ കവർച്ചക്കെത്തിയ പ്രതികള്‍ കാര്‍ തടഞ്ഞ് സൗമ്യക്കുനേരെ നിറയൊഴിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അതൊരു അപകട മരണമാണ് എന്ന സംശയം ഉയർന്നെങ്കിലും വിദഗ്‌ധ പരിശോധനയില്‍ തലയില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയത് നിര്‍ണായകമായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയാസ്‌പദമായ രീതിയില്‍ ഒരു മെറൂൺ നിറത്തിലുള്ള കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി മാത്രമാണ് കണ്ടെത്തിയത്. മറ്റ് തെളിവുകളൊന്നും കണ്ടെത്താനായില്ല.
തെളിവുകളുടെ അഭാവത്തില്‍ നിര്‍ജ്ജീവമായ സൗമ്യയുടെ കേസിലെ അന്വേഷണം 2009 ൽ നടന്ന മറ്റൊരു കൊലപാതകത്തിന്‍റെ ചുവടുപിടിച്ചാണ് പുനരാരംഭിച്ചത്. 2009 മാർച്ച് 20 ന് കോൾ സെന്‍റർ എക്സിക്യുട്ടീവായി ജോലി നോക്കിയിരുന്ന ജിഗിഷ ഘോഷ് എന്ന യുവതി കൊല്ലപ്പെട്ടിരുന്നു (Jigisha Ghosh Murder Case). ജിഗിഷ കൊല്ലപ്പെടുമ്പോഴും സൗമ്യയുടെ കാറിനെ പിന്തുടർന്ന അതേ മെറൂൺ കാറിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.
ജിഗിഷ ഘോഷിന്‍റെ കൊലയുമായി ബന്ധമുള്ള രവി കപൂർ, അമിത് ശുക്ല എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തതോടെ സൗമ്യയുടെ കൊലക്കേസിലെ അന്വേഷണത്തിന് നിർണായക വഴിത്തിരിവുണ്ടായി. ചോദ്യം ചെയ്യലിൽ ജിഗിഷയുടെ കൊലപാതകത്തിൽ മാത്രമല്ല, സൗമ്യയുടെ കൊലപാതകത്തിലും പങ്കുണ്ടെന്ന് പ്രതികള്‍ സമ്മതിക്കുകയായിരുന്നു. ഇവരുടെ കുറ്റസമ്മത മൊഴിയുടെ ചുവടുപിടിച്ചാണ് പിന്നീട് മറ്റ് പ്രതികളെ പിടികൂടിയത്.
പ്രതികളെല്ലാം അറസ്റ്റിലായെങ്കിലും പിന്നീട് വിചാരണ വർഷങ്ങളോളം നീണ്ടു. 2010 ഏപ്രിൽ ആരംഭിച്ച വിചാരണ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ആറാം തീയതിയാണ് പൂർത്തിയായത്. വിചാരണക്കിടെ പ്രതിഭാഗം പ്രതികളുടെ കുറ്റസമ്മതം നിര്‍ബന്ധിതമാണെന്ന നിലപാടെടുത്തു. ഫോറന്‍സിക് തെളിവുകളുടെ വിശ്വാസ്യതയെയും പ്രതിഭാഗം ചോദ്യം ചെയ്‌തു. ഇങ്ങനെ വര്‍ഷങ്ങളോളം നീണ്ട വിചാരണക്കൊടുവില്‍ 2016 ജൂലൈ 19-ന് സാകേത് കോടതി ഈ കേസിലെ വാദം കേൾക്കൽ അവസാനിപ്പിക്കുകയും അടുത്ത ഹിയറിംഗിനായി ഉത്തരവിടുകയും ചെയ്‌തു. എന്നാല്‍ നിയമപരമായ സങ്കീർണ്ണതകളും നടപടിക്രമങ്ങളിലെ തടസ്സങ്ങളും കാരണം വിധി പറയല്‍ പലതവണ മാറ്റിവച്ചു. ഒടുവില്‍ കഴിഞ്ഞ മാസം പുതിയ ജഡ്‌ജിയെ നിയമിച്ചതോടെയാണ് വിചാരണ നടപടികള്‍ വേഗത്തിലായത്.