ന്യൂഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ അന്തിമ വിധി നാളെ (നവംബര്‍ 25). പ്രതികൾ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ വെരിഫിക്കേഷൻ പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്തിമ വിധി പ്രഖ്യാപിക്കല്‍ നേരത്തെ മാറ്റിയത്. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഡല്‍ഹി സാകേത് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. കേസില്‍ നേരിട്ട് പങ്കാളികളായ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാർ എന്നിവരാണ് കേസിലെ പ്രതികള്‍. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‌ഡ് ക്രൈം ആക്‌ട് (MCOCA) എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: 2008 സെപ്‌റ്റംബര്‍ 30നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കാറില്‍ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചുവെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ തലയില്‍ നിന്നും വെടിയുണ്ട ലഭിച്ചതിന് പിന്നാലെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചത്.
അപകടം നടന്ന മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സൗമ്യയുടെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാര്‍ സഞ്ചരിക്കുന്നതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് കേസിന്‍റെ അന്വേഷണം വഴിമുട്ടുകയാണുണ്ടായത്. തുടര്‍ന്ന് 2009ല്‍ നടന്ന മറ്റൊരു സമാന കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സൗമ്യ കൊലക്കേസിലും തെളിവ് ലഭിച്ചത്.
കോള്‍ സെന്‍റര്‍ എക്‌സിക്യൂട്ടീവായ ജിഗിഷ ഘോഷ് എന്ന യുവതിയാണ് സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. സൗമ്യയുടെ കാറിനെ പിന്തുടര്‍ന്നെത്തിയ കാറിലുണ്ടായിരുന്നെന്ന് സംശയിക്കുന്ന അതേ വ്യക്തിയെ ജിഗിഷ ഘോഷിന്‍റെ വാഹനത്തെ പിന്തുടര്‍ന്നെത്തിയ കാറിലും കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്‌തതോടെയാണ് സൗമ്യ കൊലക്കേസിന്‍റെയും ചുരുളഴിഞ്ഞത്.
അറസ്റ്റ് ചെയ്‌ത ഇയാളെ ചോദ്യം ചെയ്‌തതോടെ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് 2010 ല്‍ കേസില്‍ ഉള്‍പ്പെട്ട 4 പ്രതികളെയും ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു. വിവിധ കാരണങ്ങള്‍ കൊണ്ട് നീണ്ടു പോയ കേസില്‍ 2016ല്‍ വാദം പൂര്‍ത്തിയാക്കി ഹിയറിങ്ങിന് ഉത്തരവിട്ടു. എന്നാല്‍ നിയമ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടി കേസിന്‍റെ വിധി നിരവധി തവണ മാറ്റിവയ്‌ക്കപ്പെടുകയും ചെയ്‌തു.