ന്യൂഡൽഹി: മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ ഭാവി കണക്കിലെടുത്ത് അവർക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തോടും ചാരിറ്റബിൾ ഓർഗനൈസേഷനോടും അഭ്യർഥിച്ച് നടൻ സോനു സൂദ്. സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഏവരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നത്.
കൊവിഡിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ മക്കൾക്ക് യാതൊരു തടസവും കൂടാതെ പഠിക്കാനുള്ള സൗകര്യം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സഹായിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സംഘടനയും ഒരുക്കിനൽകണമെന്ന് അഭ്യർഥിക്കുന്നുവെന്ന് വീഡിയോയിലൂടെ സോനു സൂദ് അറിയിച്ചു. മഹാമാരിയിൽ ജീവൻ വെടിഞ്ഞ എല്ലാവരെയും ഓർക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റുചെയ്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. കൂടാതെ വരുൺ ധവാൻ, സോനാക്ഷി സിൻഹ തുടങ്ങിയ താരങ്ങൾ വീഡിയോ പങ്കു വയ്‌ക്കുകയും ചെയ്‌തു.
ഏപ്രിൽ 17ന് കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സോനു സൂദ് ഏപ്രിൽ 23നാണ് കൊവിഡ് വിമുക്തനായത്. കൂടാതെ ജനങ്ങളെ വാക്‌സിനേഷൻ നടത്താൻ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 'സഞ്ജീവനി - എ ഷോട്ട് ഓഫ് ലൈഫ്' എന്ന സംരംഭവും ആരംഭിച്ചു. നിലവിൽ ചിരഞ്ജീവി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ 'ആചാര്യ'യും അക്ഷയ് കുമാർ നായകനായ 'പൃഥ്വിരാജ്' എന്ന സിനിമയുമാണ് താരത്തിന്‍റെ വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.