കൊപ്പൽ (കർണാടക): മരണപ്പെട്ട അച്ഛന്‍റെ ഓർമയ്‌ക്കായി പിതാവിന്‍റെ പ്രതിമ സ്ഥാപിച്ച് മക്കൾ. കൊപ്പലിലെ കൂക്കനപ്പള്ളി ഗ്രാമത്തിലാണ് അച്ഛന്‍റെ സ്‌മരണയ്‌ക്കായി നാല് മക്കൾ ചേർന്ന് പ്രതിമ സ്ഥാപിച്ചത്. പൂജാര കുടുംബത്തിലെ തിമ്മണ്ണ പൂജാരയുടെ മക്കളായ കൃഷ്‌ണപ്പ, ബേട്ടദ്ദപ്പ, ഹനുമന്തപ്പ, നാഗരാജ് എന്നിവരാണ് തിമ്മണ്ണയുടെ പ്രതിമ സ്ഥാപിച്ചത്.
ക്ഷേത്ര പൂജാരിയായിരുന്ന തിമ്മണ്ണ പൂജാര മറ്റുള്ളവർക്ക് നിരവധി സഹായങ്ങൾ ചെയ്‌തിരുന്നു. അച്ഛന്‍ ചെയ്‌ത നന്മകളുടെ ഫലം തങ്ങൾക്കാണ് ഉണ്ടായതെന്നും അതിനാൽ അച്ഛൻ തങ്ങൾക്കെന്നും അവിസ്‌മരണീയനാണ് എന്നും മക്കൾ പറയുന്നു. അച്ഛന്‍റെ ഓർമ എന്നും നിലനിൽക്കാനാണ് പ്രതിമ സ്ഥാപിച്ചതെന്ന് മക്കൾ വ്യക്തമാക്കി. വിഗ്രഹം സ്ഥാപിക്കുക മാത്രമല്ല, വിഗ്രഹത്തിന് ചുറ്റും പൂജാമുറിയായി അലങ്കരിക്കുകയും, എന്നും കുടുംബാംഗങ്ങൾ ആരാധിക്കുകയും ചെയ്യാറുണ്ട്.
2005ലാണ് തിമ്മണ്ണ അന്തരിച്ചത്. എന്നാൽ സാമ്പത്തിക പരാധീനതകൾ കാരണം അന്ന് അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 12 വർഷങ്ങൾക്ക് ശേഷം സഹോദരങ്ങൾ ചേർന്ന് പ്രതിമ സ്ഥാപിക്കുകയായിരുന്നു. 2,50,000 രൂപ ചെലവിലാണ് പ്രതിമ സ്ഥാപിച്ചത്. വീടിനടുത്തുള്ള കൃഷി ഭൂമിയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.