ന്യൂഡല്‍ഹി : ഇന്ധന-പാചകവാതക വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാറിന് എതിരെയുള്ള പ്രതിപക്ഷത്തിന്‍റെ ലോക്‌സഭയിലെ പ്രതിഷേധത്തെ നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബിജെപിക്കെതിരായ സംയുക്ത പ്രതിപക്ഷ രാഷ്‌ട്രീയ നീക്കത്തിന്‍റെ സൂചനയാണ് കോണ്‍ഗ്രസ് അധ്യക്ഷ ലോക്‌സഭയില്‍ നല്‍കിയത്. ചോദ്യോത്തരവേളയില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ക്ക് പകരം ഇന്ധന വില വര്‍ധന ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ഇതര എംപിമാരോട് പോലും കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദേശിച്ചു.
മുസ്ലിംലീഗ് എംപി ഇ ടി മുഹമ്മദ് ബഷീറിനെ ചോദ്യം ചോദിക്കാനായി സ്പീക്കര്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മുന്‍ നിശ്ചയ പ്രകാരമുള്ള ചോദ്യത്തിന് പകരം ഇന്ധനവില വര്‍ധനവില്‍ ചോദ്യം ചോദിക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇ ടി മുഹമ്മദ് ബഷീര്‍ അതുപ്രകാരം ചെയ്‌തു. നാഷണല്‍ കോണ്‍ഫറന്‍സ് എംപി ഹസ്‌നയിന്‍ മസൂദി ഉപചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ വേളയില്‍ സോണിയ ഗാന്ധി അദ്ദേഹത്തോട് ഇരിക്കാന്‍ നിര്‍ദേശിച്ചു.
ALSO READ: സിൽവർലൈൻ: ‘ബഫർ സോൺ ഉണ്ട്’, മന്ത്രിയെ തള്ളിയും എംഡിയെ പിന്തുണച്ചും കോടിയേരി
അതനുസരിച്ച ഹസ്‌നയിന്‍ ഇന്ധന വില വര്‍ധനവിനെതിരെയുള്ള മറ്റ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിക്കും നടുത്തളത്തില്‍ ഇറങ്ങിയ മറ്റ് കോണ്‍ഗ്രസ് എംപിമാര്‍ക്കും സോണിയ ഗാന്ധി നിര്‍ദേശം നല്‍കുന്നുണ്ടായിരുന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചോദ്യോത്തരവേളയ്ക്ക് ശേഷവും സോണിയ ലോക്‌സഭയില്‍ തുടര്‍ന്നു.
സോണിയ ഗാന്ധിയുടെ മുന്നില്‍ നിന്ന് നയിക്കല്‍ കോണ്‍ഗ്രസ് എംപിമാരേയും കൂടുതല്‍ ഊര്‍ജസ്വലരാക്കി. ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്‍റെ മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന ചര്‍ച്ച രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ സജീവമാകുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ ലോക്‌സഭയിലെ സജീവ ഇടപെടലുകള്‍.
പ്രതിപക്ഷ പാര്‍ട്ടികളിലെ പല നേതാക്കള്‍ക്കിടയിലും സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിയേക്കാള്‍ സ്വീകാര്യയാണ്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് വ്യത്യസ്തമായി 2004ലേയും 2008ലേയും പൊതുതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ നയിച്ച് അധികാരത്തില്‍ എത്തിച്ചതിന്‍റെ ട്രാക്ക് റെക്കോഡും സോണിയ ഗാന്ധിക്കുണ്ട്.