ന്യൂഡല്‍ഹി: ജൂലൈ 18 ന് നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം. വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളായ എൻസിപി, ശിവസേന, ടിഎംസി, ഡിഎംകെ, ആർജെഡി എന്നിവയുമായി ചര്‍ച്ച നടത്താനും ധാരണയിലെത്താനും പാർട്ടി മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയോട് സോണിയ ഗാന്ധി നിർദ്ദേശിച്ചു.
വിഷയത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സി.പി.എം നേതാവ് സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്‌ച ചര്‍ച്ച നടത്തിയിരുന്നു. 2017ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലുണ്ടായ 10.69 ലക്ഷം സാധുവായ വോട്ടുകളിൽ 3.67 ലക്ഷം വോട്ടുകൾ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയും മുൻ ലോക്‌സഭ സ്പീക്കറുമായ മീരാ കുമാർ നേടിയിരുന്നെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനോട് പരാജയപ്പെടുകയാണുണ്ടായത്.
“ഇത് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണെന്നും 2017 ലും ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പ്രതിപക്ഷം സംയുക്ത സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിരുന്നെന്നും ഇത്തവണയും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു.
നിലവില്‍ 245 അംഗ സഭയില്‍ 10 സീറ്റുകള്‍ കൂടി ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പ്രധാനമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വ്യാഴാഴ്‌ചയാണെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ആലോചനകള്‍ നേരത്തെ തന്നെ ആലോചിച്ചിരുന്നു. രാഷ്‌ട്രപതി സ്ഥാനം ബി.ജെ.പിക്ക് ലഭിക്കരുതെന്ന കോണ്‍ഗ്രസ് നിര്‍ബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒഡിഷയിലെ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപി, തെലങ്കാനയിലെ ടിആർഎസ് എന്നീ പാര്‍ട്ടികളുടെ പങ്ക് കോണ്‍ഗ്രസ് ശ്രമത്തിന് നിര്‍ണായകമാകും.
ലോക്സഭയിലെയും രാജ്യസഭയിലെയും സംസ്ഥാന അസംബ്ലികളിലെയും ശക്തി നോക്കുമ്പോള്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് കാര്യമായ ഭീഷണിയില്ല. എന്നിരുന്നാലും പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ത്ഥിയെ നിത്തുന്നത് സംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കുകയാണ്.
also read: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് അരങ്ങുണരുന്നു; ബിജെപി സ്ഥാനാർഥിയിലേക്ക് ഒറ്റുനോക്കി ദേശീയ രാഷ്‌ട്രീയം