ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ആരംഭിച്ചു. കൊവിഡിന് ശേഷമുള്ള പാർട്ടി പ്രവർത്തക സമിതിയുടെ ആദ്യയോഗത്തിൽ സംഘടന തെരഞ്ഞെടുപ്പ്, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്, നിലവിലെ രാഷ്ട്രീയ സാഹചര്യം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
എഐസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ചാനി, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ മുതലായവർ പങ്കെടുത്തു.
ALSO READ: സോണിയയെ കാണാന്‍ ഗെലോട്ട്, കൂടിക്കാഴ്‌ച പ്രവര്‍ത്തക സമിതിക്ക് മുന്‍പ് ; സസ്പെന്‍സ്
കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചാബ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാന ഘടകങ്ങൾക്കുള്ളിലെ പോരിനിടയിലാണ് യോഗം ചേരുന്നത്.
കോൺഗ്രസ് നേതൃത്വവുമായി അകർച്ചയിലായ ജി-23 നേതാക്കൾ പ്രവർത്തക സമിതി യോഗം വിളിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരു പൂർണസമയ അധ്യക്ഷൻ വേണമെന്ന നിലപാടിലാണ് ജി-23 നേതാക്കൾ. ഇതും യോഗത്തിൽ പ്രധാനമായും ഉന്നയിക്കും. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് ശേഷം സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയാണ്.