ന്യൂഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പാര്‍ട്ടി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. ഈ ദിവസത്തിനായി ഏറെ കാലമായി കാത്തിരിക്കുകയായിരുന്നുവെന്ന് പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുന്ന സോണിയ ഗാന്ധി പറഞ്ഞു. ഇന്ന്(ഒക്‌ടോബർ 17) വോട്ടുരേഖപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ഈ മറുപടി.
68ാം പോളിങ് ബൂത്തായ പാർട്ടി ആസ്ഥാനത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും വോട്ട് രേഖപ്പെടുത്തി. മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരമാണ് എഐസിസി ആസ്ഥാനത്ത് ആദ്യം വോട്ട് ചെയ്‌തത്. ജനറൽ സെക്രട്ടറി ജയറാം രമേഷ്, അംബിക സോണി, അജയ് മാക്കൻ, വിവേക് തൻഖ തുടങ്ങി നിരവധി മുതിർന്ന നേതാക്കളും പാർട്ടി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി.
എഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് മത്സരിക്കുന്നത്. 9,308 പ്രതിനിധികൾ രഹസ്യ ബാലറ്റിലൂടെ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കും. എഐസിസി ആസ്ഥാനത്തും രാജ്യത്തുടനീളമുള്ള സംസ്ഥാന ഓഫിസുകളിലെ പോളിംഗ് ബൂത്തുകളിലും രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.
മാറ്റത്തിനായാണ് ശശി തരൂര്‍ വോട്ടുചോദിച്ചത്. എന്നാല്‍ ഗാന്ധി കുടുംബവുമായുള്ള അടുപ്പവും മുതിർന്ന നേതാക്കളുടെ പിന്തുണയുമാണ് ഖാര്‍ഗെയുടെ കരുത്ത്.