ന്യൂഡല്‍ഹി : ബോളിവുഡ് താരം സോനം കപൂറിന്‍റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച. 2.4 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, പണം, മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കള്‍ എന്നിവയാണ് മോഷണം പോയത്. ഫെബ്രുവരിയിലാണ് കവര്‍ച്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ആനന്ദ് അഹൂജയുടെ മാതാപിതാക്കളും മുത്തശ്ശിയുമാണ് അമൃത ഷെര്‍ഗില്‍ മാര്‍ഗിലുള്ള വസതിയില്‍ താമസിക്കുന്നത്. ഫെബ്രുവരി 11ന് കവര്‍ച്ച നടന്നതായാണ് വിവരം. ഫെബ്രുവരി 23ന് ആനന്ദ് അഹൂജയുടെ പിതാവ് ഹരീഷ് അഹൂജ ഡല്‍ഹിയിലെ തുഗ്ലക് റോഡ് പൊലീസില്‍ പരാതി നല്‍കിയതായി ന്യൂഡല്‍ഹി ഡിസിപി അമൃത ഗുഗ്‌ലോത്ത് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവരെ പുറത്തുവിട്ടിരുന്നില്ല. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഗുഗ്‌ലോത്ത് വ്യക്തമാക്കി.