രാജ്‌കോട്ട് (ഗുജറാത്ത്): വയോധികയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌ത് മകന്‍. ദീര്‍ഘകാലമായി അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന എണ്‍പതുകാരിയായ അമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തത്. അതേസമയം ഈ ക്രൂരകൃത്യം നടത്തിയ ശേഷം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഇയാള്‍ ബന്ധുക്കളോട് മാപ്പ് അപേക്ഷിച്ചിരുന്നു.
സംഭവം ഇങ്ങനെ: രാജ്‌കോട്ടിലെ കോത്താരി പ്രദേശത്തുള്ള ഘന്‍ശ്യാം നഗരത്തിലാണ് സംഭവം. സിക്കന്ദര്‍ ലിങ്‌ഡിയ എന്നയാളുടെ മാതാവ് ആമിനബെന്‍ ലിങ്‌ഡിയ ദീര്‍ഘകാലമായി രോഗത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. അസുഖത്തെ തുടര്‍ന്നുള്ള അമ്മയുടെ സ്ഥിതിയില്‍ സിക്കന്ദര്‍ ഏറെ അസ്വസ്ഥനായിരുന്നു. അമ്മയെ തുടര്‍ന്നും അസുഖത്തിന് വിട്ടുകൊടുത്ത് ബുദ്ധിമുട്ടിക്കരുതെന്ന് ചിന്തിച്ച് ഇയാള്‍ ആമിനബെന്‍ ലിങ്‌ഡിയയ്‌ക്ക് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു.
വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ചയാണ് ഇവര്‍ മരിക്കുന്നത്. തൊട്ടുപിന്നാലെ അമ്മയില്ലാതെ മുന്നോട്ടുപോവാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യചെയ്യുന്നതിന് മുമ്പ് ഇയാള്‍ ഒരു വീഡിയോയും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
കൊലപാതകം, മാപ്പ് അപേക്ഷ, ആത്മഹത്യ: ഞങ്ങള്‍ ഇരുവര്‍ക്കും ഇനിയും മുന്നോട്ട് ജീവിക്കാനാവില്ല. അമ്മയെ തനിച്ചാക്കി പോവാന്‍ പറ്റാത്തതിനാല്‍ ഞാന്‍ അവരെയും എന്‍റെ ഒപ്പം കൂട്ടുകയാണ്. ഞാന്‍ ഈ ലോകം വിട്ട് പോയാല്‍ അവരെ പിന്നെ ആര് പരിപാലിക്കും?. അതുകൊണ്ട് അമ്മയെ ഞാന്‍ കൂടെ കൂട്ടുന്നു എന്ന് അയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചു.
സഹോദരനും മരുമകനും വേണ്ടി തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്നും ദയവായി തന്നോട് ക്ഷമിക്കണമെന്നും ഇയാള്‍ വീഡിയോയില്‍ മാപ്പപേക്ഷയും നടത്തിയിരുന്നു. ഈ വീഡിയോ വൈറലായതോടെ സംഭവത്തില്‍ രാജ്‌കോട്ടിലെ ഭക്തിനഗർ പൊലീസ് കേസെടുത്തു.
'മഹാദേവന്‍' പറഞ്ഞുവെന്നറിയിച്ച് കൊലപാതകം: കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ബന്ദയിലും മകന്‍ അമ്മയെ കൊലപ്പെടുത്തിയിരുന്നു. നരേനി കൊട്വാലി മേഖലയില്‍ താമസിക്കുന്ന രാംബാബുവാണ് തന്‍റെ മാതാവിനെ വടി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിയുടെ ഇളയ സഹോദരന്‍ ശ്യാന്‍ബാബു വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തുന്നതും പ്രതിയെ പിടികൂടുന്നതും.
പൊലീസ് ഇവരുടെ വീട്ടിലെത്തുമ്പോള്‍ പ്രതി കൊലയ്‌ക്ക് ഉപയോഗിച്ച രക്തം പുരണ്ട വടിയുമായി ഇരിക്കുകയായിരുന്നു. സമീപത്തായി മാതാവിനെ മരിച്ച നിലയിലും കണ്ടെത്തി. ഇയാളെ പിടികൂടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു.
മഹാദേവൻ തനിക്ക് അരികില്‍ വന്ന് താൻ നാഗേശ്വരന്‍റെ അവതാരമാണെന്ന് പറഞ്ഞുവെന്നും ഈ ജന്മത്തിൽ താന്‍ ഒരു സ്‌ത്രീയെ കൊല്ലേണ്ടി വരുമെന്നും അറിയിച്ചുവെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി. അതുകൊണ്ടാണ് താൻ അമ്മയെ കൊന്നതെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.
വാള്‍ ലഭിച്ചില്ല, അതുകൊണ്ട് വടി: അമ്മയെ വാൾ ഉപയോഗിച്ചായിരുന്നു കൊലപ്പെടുത്തേണ്ടിയിരുന്നതെന്നും എന്നാൽ തനിക്ക് വാൾ കണ്ടെത്താൻ കഴിയാത്തതിനാലാണ് വടി ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും സർക്കിൾ ഓഫിസർ നിതിൻ കുമാർ അറിയിച്ചു.