ചെന്നൈ : അമ്മയുടെ മൃതദേഹം വീപ്പയിലാക്കി മകന്‍ കോണ്‍ക്രീറ്റ് ചെയ്‌തു. ചെന്നൈ നിലങ്കരൈയിലാണ് വിചിത്രമായ സംഭവം. മരിച്ച ശെമ്പകത്തിന് (86) സുരേഷ്, ബാബു എന്നീ രണ്ട് മക്കളാണ് ഉള്ളത്.
സുരേഷ് എന്നയാളോടൊപ്പമായിരുന്നു ശെമ്പകത്തിന്‍റെ താമസം. മറ്റൊരു മകനായ ബാബു ഇവരുടെ വീടിന് അടുത്തുള്ള വീട്ടിലാണ് താമസിക്കുന്നത്. കുറച്ചുദിവസങ്ങളായി മാതാവിനെ കാണാത്ത വിവരം അയല്‍വാസിയായ സഹോദരന്‍ അന്വേഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ സുരേഷ് തയ്യാറായിരുന്നില്ല.
ഇന്ന് (മെയ് 16) മാതാവിനെ കാണാന്‍ വീട്ടിലേക്ക് എത്തിയ ബാബുവും സുരേഷും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് മാതാവിനെ കാണാനില്ലെന്ന് ബാബു പൊലീസില്‍ അറിയിച്ചത്. ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നിലങ്കരൈ പൊലീസ് സുരേഷിനെ ചോദ്യം ചെയ്യുകയായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചിരുന്നുവെന്നും വീട്ടിലെ വീപ്പയിലാക്കി മൃതദേഹം മറവ് ചെയ്‌തെന്നും ചോദ്യം ചെയ്യലിൽ സുരേഷ് അന്വേഷണസംഘത്തോട് പറഞ്ഞു.
മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി രായപ്പേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കേസ് എടുത്ത നിലങ്കരൈ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.