ന്യൂഡൽഹി : മോഷണ ശ്രമത്തിനിടെ ആഭരണം വിഴുങ്ങി മോഷ്‌ടാവ്. വടക്കുകിഴക്കൻ ഡൽഹിയിലെ ബ്രഹ്മപുരി മേഖലയിലാണ് സംഭവം. യുവതിയുടെ ആഭരണങ്ങൾ തട്ടിപ്പറിച്ച് ഓടുന്നതിനിടെ പിടിയിലായ മോഷ്‌ടാവ് സ്വർണകമ്മലുകൾ വിഴുങ്ങുകയായിരുന്നു. വ്യാഴാഴ്‌ച (22.06.23) രാത്രി 10 മണിയോടെയാണ് മോഷണ ശ്രമം നടന്നത്.
ബ്രഹ്മപുരി നിവാസിയായ ഫൂലൻ ദേവിയുടെ ആഭരണങ്ങളാണ് മോഷ്‌ടിക്കാൻ ശ്രമിച്ചത്. കേസിൽ പ്രതിയായ മുസ്‌തഫാബാദ് സ്വദേശി നസിറിനെ (34) പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഫൂലൻ ദേവി രാത്രിയിൽ വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ നസിർ യുവതിയുടെ നാല് ഗ്രാം തൂക്കമുള്ള സ്വർണ കമ്മലുകൾ പുറകിൽ നിന്ന് വലിച്ച് പറിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
നസിറിനെ പിടിക്കാൻ ഫൂലൻ ദേവി ശ്രമം നടത്തിയെങ്കിലും യുവതിയുടെ പേഴ്‌സ് തട്ടിയെടുത്ത് അയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉടൻ തന്നെ ഫൂലൻ ദേവി വഴിയാത്രക്കാരുടെ സഹായത്തോടെ മോഷ്‌ടാവിനെ പിടികൂടി. നാട്ടുകാർ ചേർന്ന് ഇയാളെ ബൈക്കിൽ നിന്ന് താഴെയിറക്കിയപ്പോൾ നസിർ യുവതിയുടെ സ്വർണ കമ്മലുകൾ അവരുടെ മുൻപിൽ വച്ച് തന്നെ വിഴുങ്ങുകയായിരുന്നു. ശേഷം പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും കമ്മലുകൾ വീണ്ടെടുക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്‌തു.
മാലപൊട്ടിക്കൽ വർധിക്കുന്നു : കേരളത്തിൽ കാസർകോട് ജില്ലയിൽ മാലപൊട്ടിക്കൽ കേസുകൾ അടുത്തിടെ വര്‍ധിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഇതോടെ ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ബേക്കൽ, മേൽപ്പറമ്പ് സ്‌റ്റേഷൻ പരിധികളിലായി കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ മൂന്ന് കേസുകളാണ് ഇത്തരത്തിൽ രജിസ്‌റ്റർ ചെയ്‌തത്. ബൈക്കിലെത്തിയ സംഘമാണ് സ്‌ത്രീകളുടെ മാല പൊട്ടിക്കുന്നത്. ഇരുചക്ര വാഹനത്തിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടുന്നതാണ് മോഷ്‌ടാക്കളുടെ രീതി.
സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ പൊലീസിന് രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മോഷണശ്രമം നടന്ന സ്ഥലത്തിനടുത്തു നിന്നാണ് ഇവർ ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഒറ്റയ്‌ക്ക് നടന്നുപോകുന്ന സ്‌ത്രീകളെയും കടകളിലും വീടുകളിലും തനിച്ചുകഴിയുന്ന സ്‌ത്രീകളെയും ലക്ഷ്യമാക്കിയാണ് സംഘം മോഷണം നടത്തുന്നത്.
also read : CCTV Visual| മാലപൊട്ടിക്കൽ കേസ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു
സിനിമ സ്‌റ്റൈലിൽ ജ്വല്ലറി മോഷണം : കഴിഞ്ഞ മാസം തെലങ്കാനയിലെ സെക്കന്തരാബാദിൽ പോട്ട് മാര്‍ക്കറ്റിലെ ബാലാജി സ്വര്‍ണക്കടയില്‍ സിനിമ സ്‌റ്റൈലിലാണ് സംഘം മോഷണം നടത്തിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം പരിശോധന നടത്താനെന്നറിയിച്ച് 1700 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുമായി ജ്വല്ലറിയിൽ നിന്നും കടന്നുകളയുകയായിരുന്നു. തുടർന്ന് അഞ്ചംഗ പൊലീസ് സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികളെ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ താനെ സംഘത്തില്‍ നിന്നുള്ളവരാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.