ശ്രീനഗർ: ജമ്മു കശ്‌മീരിൽ കന്നുകാലിക്കടത്ത് ആരോപിച്ച് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലാണ് സംഭവം. വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്നും അർണാസ്, ചസാന, തണ്ഡപാനി, യൂലി പ്രദേശങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് പറയുന്നു.
കന്നുകാലികളെ വിവിധ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന് ഒരു സ്ഥലത്ത് എത്തിച്ചശേഷം അവിടെ നിന്ന് ഒരുമിച്ച് കാൽനടയായി പർവതനിരകളിലൂടെ താഴ്വരയിലൂടെ കടത്താനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നു. കന്നുകാലിക്കടത്തിന് ഉപയോഗിച്ച മൂന്നോളം വാഹനങ്ങൾ പിടിച്ചെടുത്തെന്നും 72 കന്നുകാലികളെ രക്ഷപ്പെടുത്തിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ജുമ്മ, മുഹമ്മദ് അഷ്‌റഫ്, ഷബീർ, റഫീഖ്, ജാവേയ്‌ദ്, അബ്‌ദുൽ മജീദ്, മുഹമ്മദ് അബ്‌റാർ, മുഹമ്മദ് ഹനീഫ്, ഫയാസ് അഹ്‌മദ്, ഫരീദ് അഹ്‌മദ്, മുഹമ്മദ് ഇക്‌ബാൽ, മുഹമ്മദ് ഷാഫി, അർഫത്ത് അഹ്‌മദ്, ഫറൂഖ്, മുഹമ്മദ് യൂസഫ്, മുഹമ്മദ് ഇസാഖ്, മുഹമ്മദ് മുസ്‌തഖ്, മുഹമ്മദ് ഫറൂഖ്, മുഹമ്മദ് യൂസഫ്, സദ്ദാം ഹുസൈൻ എന്നിവരെയാണ് കന്നുകാലിക്കടത്ത് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഈ വർഷം ഏപ്രിൽ മുതൽ കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇത്തരം കേസുകളിലായി 262 കന്നുകാലികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
READ MORE: കന്നുകാലിക്കടത്ത് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്തു