ന്യൂഡൽഹി : രാജ്യത്ത് ക്രിപ്‌റ്റോ കറൻസി വാങ്ങുന്നതും വിൽക്കുന്നതും കേന്ദ്രസർക്കാർ പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്‌എസ്-അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്(SJM) പ്രമേയം പാസാക്കി. ഇന്ന് ഗ്വാളിയോറിൽ സമാപിച്ച സ്വദേശി ജാഗരൺ മഞ്ചിന്‍റെ 15-ാമത് രാഷ്ട്രീയ സഭയാണ് പ്രമേയം പാസാക്കിയത്.
ഇന്ത്യയിൽ താമസിക്കുന്ന വ്യക്‌തികൾ ക്രിപ്‌റ്റോകറൻസി വാങ്ങുന്നതും വിൽക്കുന്നതും നിക്ഷേപിക്കുന്നതും മറ്റ് വിധത്തിൽ ഇടപാടുകൾ നടത്തുന്നതും കേന്ദ്രസർക്കാർ നിരോധിക്കണം. നിരോധനം അനുസരിക്കാത്ത വ്യക്തികൾക്കെതിരെ പിഴ ഉൾപ്പടെയുള്ള ശിക്ഷാനടപടികൾ കൊണ്ടുവരണം, എസ്‌ജെഎം ആവശ്യപ്പെട്ടു.
ക്രിപ്‌റ്റോകറൻസികൾക്ക് അംഗീകാരം നൽകുന്നത് സാമ്പത്തിക വിപണിയെ പ്രതികൂലമായി ബാധിക്കും. കൂടാതെ കള്ളപ്പണം വെളുപ്പിക്കലിനും, ഭീകരവാദത്തിനും ഇവ കാരണമായേക്കാം. അതിനാൽ ഇവയ്‌ക്കെതിരെ ജനങ്ങളിൽ ബോധവത്കരണം നടത്തണം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസി ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമം വേഗത്തിൽ രൂപീകരിക്കണം. കൂടാതെ സിബിഡിസിയെ ലീഗൽ ടെൻഡറായി പരിഗണിക്കണമെന്നും സ്വദേശി ജാഗരൺ മഞ്ചിന്‍റെ പ്രമേയം ആവശ്യപ്പെടുന്നു.