നാഗൗൺ: നീലച്ചിത്രം കാണാൻ വിസമ്മതിച്ചതിന് ആറുവയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തി. അസമിലെ നാഗൗൺ ജില്ലയിലെ കലിയാബോർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. കേസിൽ എട്ട് വയസിനും പതിനൊന്ന് വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‌തതായി അസം പൊലീസ് അറിയിച്ചു. കൂടാതെ സംഭവം മറച്ചുവയ്‌ക്കാൻ ശ്രമിച്ച പ്രതികളിലൊരാളുടെ അച്ഛനെയും അറസ്റ്റ് ചെയ്‌തതായി പൊലീസ് കൂട്ടിച്ചേർത്തു.
കൊലപാതകത്തിന് ഇരയായ പെൺകുട്ടിയുടെ വീടിനടുത്താണ് പ്രതികൾ താമസിച്ചിരുന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. നീലച്ചിത്ര വീഡിയോകൾക്ക് അടിമകളായിരുന്ന പ്രതികൾ സംഭവദിവസം ഉച്ചയോടെ പെൺകുട്ടിയെ സമീപത്തുള്ള പാറമടയിലേക്കെത്തിച്ച് വീഡിയോ കാണാൻ പ്രേരിപ്പിക്കുകയായിരുന്നു. കുട്ടി വിസമ്മതിച്ചതോടെ പാറക്കല്ല് ഉപയോഗിച്ച് ക്രൂരമായി അടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം അടുത്തുള്ള ശുചിമുറിക്ക് പിന്നിൽ ഉപേക്ഷിച്ചു.
ALSO READ: കാഞ്ഞൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിവീഴ്‌ത്തി; പ്രതികൾ ഒളിവിൽ
സംഭവത്തിൽ പ്രതികളിലൊരാളുടെ അച്ഛന്‍റെ മൊബൈൽഫോണും പൊലീസ് പിടിച്ചെടുത്തു. ഫോൺ പരിശോധിച്ചപ്പോൾ അതിനുള്ളിലുണ്ടായിരുന്നത് നീലച്ചിത്ര വീഡിയോകൾ മാത്രമാണെന്നും ഇയാളും സ്ഥിരമായി ഇവ കാണാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവം നിർഭാഗ്യകരമെന്ന് കേസിൽ പ്രതകരിച്ച എസ്‌പി ആനന്ദ് മിശ്ര പറഞ്ഞു. മാതാപിതാക്കൾ കുട്ടികളുടെ ഫോൺ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പാണ് ഇത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌ത് ജുവനൈൽ ഹോമിലേക്ക് മാറ്റും.