ജബൽപൂർ(മധ്യപ്രദേശ്): സൈനിക ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ നിർമിക്കുന്ന മധ്യപ്രദേശിലെ ജബൽപൂരിനടുത്തുള്ള ഖമാരിയയിലെ ഓർഡനൻസ് ഫാക്‌ടറിയിൽ (ഒഎഫ്കെ) വൻ തീപിടിത്തം. വ്യാഴാഴ്‌ച പുലർച്ചെ 2.30ഓടെയുണ്ടായ തീപിടിത്തത്തിൽ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. സ്‌ഫോടക വസ്‌തുക്കളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് ഫാക്‌ടറിയിൽ തീപിടിത്തം ഉണ്ടായത്.
അതേസമയം തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി ഒഎഫ്‌കെ ജോയിന്‍റ് ജനറൽ മാനേജരും വക്താവുമായ ദിനേശ് കുമാർ പറഞ്ഞു. പരിക്കേറ്റവരിൽ അഞ്ച് പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ ചികിത്സ നൽകിയ ശേഷം ഡിസ്‌ചാർജ് ചെയ്‌തു. തൊഴിലാളികളിൽ ഒരാൾക്ക് 45 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
മറ്റുള്ളവർക്ക് നിസാര പരിക്കുകളാണ് ഉള്ളതെന്നും ദിനേശ് കുമാർ വ്യക്‌തമാക്കി. അതേസമയം തീ പിടിത്തം ഉണ്ടാവാനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ ബോർഡിനോട് ഉത്തരവിട്ടിട്ടുണ്ടെന്ന് ഒഎഫ്‌കെ ജനറൽ മാനേജർ അശോക് കുമാർ അറിയിച്ചു.