ന്യൂഡൽഹി: ലോകബാങ്കിന്‍റെയും ഐഎംഎഫിന്‍റെയും, ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും (എഫ്എംസിബിജി) സ്പ്രിംഗ് മീറ്റിങ്ങിൽ (വസന്തകാല യോഗം) പങ്കെടുക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ഞായറാഴ്‌ച (17.04.2022) യുഎസിലേക്ക് പോകും. യുഎസിലെ ഔദ്യോഗിക സന്ദർശന വേളയിൽ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളുമായുള്ള ഉഭയകക്ഷി യോഗങ്ങളിലും സീതാരാമൻ പങ്കെടുക്കും. അർധചാലകം, ഊർജം, തുടങ്ങി ഇന്ത്യാ ഗവൺമെന്‍റിന് മുൻഗണന നൽകുന്ന മറ്റ് മേഖലകളിൽ നിന്നുള്ള സിഇഒമാരുമായും കൂടിക്കാഴ്‌ച നടത്തും.
ലോകബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മാൽപാസുമായും ധനമന്ത്രി കൂടിക്കാഴ്‌ച നടത്തുമെന്ന് ഉന്നതതല യോഗത്തിൽ അറിയിച്ചു. ഐഎംഎഫ് മാനേജിംഗ് ഡയറക്‌ടർ ആതിഥേയത്വം വഹിക്കുന്ന 'മണി അറ്റ് എ ക്രോസ്‌റോഡ്' എന്ന വിഷയത്തിൽ ഉന്നതതല പാനൽ ചർച്ചയിലും സീതാരാമൻ പങ്കെടുക്കും. വാഷിംഗ്‌ടൺ ഡിസി ആസ്ഥാനമായുള്ള ഒരു പ്രമുഖ തിങ്ക് ടാങ്കായ അറ്റ്‌ലാന്‍റിക് കൗൺസിലിൽ നടക്കുന്ന പരിപാടിയിലും ധനമന്ത്രി പങ്കെടുക്കും. കൂടാതെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റികളും വിദ്യാർഥികളുമായി സീതാരാമൻ സംവദിക്കും.