ഹൈദരാബാദ്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മിഷൻ (ടിഎസ്‌പിഎസ്‌സി) സെക്രട്ടറിയും അംഗവും ഏപ്രിൽ ഒന്നിന് ഹാജരാകണമെന്ന് എസ്‌ഐടി സമൻസ്. ഏപ്രിൽ ഒന്നിന് എസ്‌ഐടിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് ടിഎസ്‌പിഎസ്‌സി (TSPSC) സെക്രട്ടറിക്കും അംഗത്തിനും നോട്ടിസ് നൽകിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ (ടിഎസ്‌പിഎസ്‌സി) നടത്തിയ ഗ്രൂപ്പ്-1 പ്രിലിമിനറി പരീക്ഷയുടെയും മറ്റ് പരീക്ഷകളുടെയും ചോദ്യ പേപ്പർ ചോർച്ചയിൽ കള്ളപ്പണം വെളുപ്പിക്കൽ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് പരാതി നൽകി.
കേസിൽ ഉൾപ്പെട്ടിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീതിപൂർവമായ അന്വേഷണം നടത്തുന്നതിൽ അലംഭാവവും കാലതാമസവും എടുക്കുന്നെന്ന് ആരോപിച്ച് വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) പ്രസിഡന്‍റ് വൈ എസ് ശർമിള ടിഎസ്‌പിഎസ്‌സി ഓഫിസ് ഉപരോധിക്കാൻ ശ്രമിച്ചു. എന്നാൽ ശർമിളയെ പൊലീസ് തടഞ്ഞു.
ടിഎസ്‌പിഎസ്‌സിയുടെ അസിസ്റ്റന്‍റ് എഞ്ചിനീയർ (സിവിൽ) പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർത്തി നൽകിയതിൽ മാർച്ച് 13 മുതൽ ടിഎസ്‌പിഎസ്‌സിയിലെ ജീവനക്കാർ ഉൾപ്പെടെ 15 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ചോദ്യ പേപ്പർ ചോർന്നു എന്ന ആരോപണത്തെ തുടർന്ന് മാർച്ച് അഞ്ചിന് നടന്ന അസിസ്റ്റന്‍റ് എൻജിനിയേഴ്‌സ് (എഇ) പരീക്ഷ മാർച്ച് 15ന് ടിഎസ്‌പിഎസ്‌സി റദ്ദാക്കി.
ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിഷേധങ്ങൾക്കിടെ കമ്മിഷൻ ഗ്രൂപ്പ്-1 പ്രിലിമിനറി പരീക്ഷയും മറ്റ് രണ്ട് പരീക്ഷകളും റദ്ദാക്കി. ഏപ്രിൽ നാലിന് നടക്കാനിരുന്ന ഹോർട്ടികൾച്ചർ ഓഫിസർ തസ്‌തികയിലേക്കുള്ള എഴുത്തുപരീക്ഷ ജൂൺ 17 ലേക്ക് മാറ്റി.
കേസ് അന്വേഷണത്തിന് പ്രത്യേക സംഘം: തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മിഷൻ ചോദ്യ പേപ്പർ ചോർച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ബേഗംപേട്ട് പൊലീസ് അന്വേഷിച്ച കേസിന്‍റെ തുടരന്വേഷണം സിറ്റി (ക്രൈം/എസ്‌ഐടി) എ ആർ ശ്രീനിവാസ് ഏറ്റെടുക്കുകയായിരുന്നു.
കൂട്ടായ ആസൂത്രണത്തിൽ തട്ടിപ്പ്: സംസ്ഥാന എഞ്ചിനിയറിങ് വിഭാഗത്തിലെ 833 തസ്‌തികകളിലേക്ക് നടത്തേണ്ടിയിരുന്ന അസിസ്റ്റന്‍റ് സിവിൽ എഞ്ചിനിയർ (എഇ), ടൗൺ പ്ലാനിങ് ബിൽഡിങ് ഓവർസിയർ എന്നീ പരീക്ഷകളുടെ ചോദ്യ പേപ്പറുകളായിരുന്നു ചോർന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കി. കേസിലെ പ്രധാന പ്രതികൾ പ്രവീൺ കുമാർ (32), എ രാജശേഖർ (35) എന്നിവരാണ്. ഇവരിൽ നിന്ന് പൊലീസ് ചോദ്യ പേപ്പറുകൾ പിടിച്ചെടുത്തു.
ഇവരെ കൂടാതെ, രേണുക (35), ധക്കനായകെ (38), കെ രാജേശ്വർ (33), കെ നിലേഷ് നായക് (28), പി ഗോപാൽ നായക് (29), കെ ശ്രീനിവാസ് (30), കെ രാജേന്ദ്ര നായക് (31) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. തെലങ്കാന സർക്കാർ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായവരിൽ അഞ്ച് പേർ. മുഖ്യപ്രതി പ്രവീണിന് തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മിഷൻ ഓഫിസിൽ പൂർണ സ്വാതന്ത്യമായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കമ്മിഷൻ സെക്രട്ടറിയുടെ പേഴ്‌സണൽ അസിസ്റ്റന്‍റായിരുന്നു പ്രവീൺ. തുടർന്ന് ഐപി വിലാസം, യൂസർ ഐഡി, പാസ്‌വേഡുകൾ എന്നിവ പ്രവീൺ രഹസ്യമായി ശേഖരിച്ചു. പരീക്ഷയ്‌ക്ക് ഏതാനും നാളുകൾക്ക് മുൻപ് കമ്മിഷൻ സെക്രട്ടറിയുടെ കമ്പ്യൂട്ടർ കേടായതിനെ തുടർന്ന് കോൺഫിഡൻഷ്യൽ വിഭാഗം സൂപ്രണ്ടായ ശങ്കർ ലക്ഷ്‌മി നന്നാക്കി. അന്ന് സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ രാജശേഖർ കമ്പ്യൂട്ടറിർ ഡൈനാമിക് ഐപി വിലാസത്തിന് പകരം സ്റ്റാറ്റിക് ഐപി വിലാസം നൽകി കമ്പ്യൂട്ടറിൽ നിന്ന് ചോദ്യ പേപ്പറുകൾ മോഷ്‌ടിക്കുകയായിരുന്നു.
ചോദ്യ പേപ്പറിന്‍റെ പ്രിന്‍റ് ഔട്ട് മാർച്ച് രണ്ടിന് അഞ്ച് ലക്ഷം രൂപയ്‌ക്ക് രേണുകയ്‌ക്കും ധക്കനായകെക്കും കൈമാറി. ഇവർ ചോദ്യ പേപ്പർ എൽബി നഗറിലെ താമസക്കാരായ നിലേഷിനും ഗോപാലിനും 14 ലക്ഷം രൂപയ്‌ക്ക് വിറ്റു.