ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വിഷയത്തില്‍ ചെറിയൊരു പ്രസ്‌താവന ഇറക്കുകയും എന്നാല്‍ അതില്‍ വ്യക്തത നല്‍കാതിരിക്കുകയും ചെയ്യുന്ന സമീപനം ജനാധിപത്യപരമല്ലെന്നാണ് തരൂരിന്‍റെ വിമര്‍ശനം. ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വിഷയത്തില്‍ പ്രസ്‌താവന നടത്തിയിരുന്നു.
അരുണാചല്‍ പ്രദേശിലെ യാങ്സെയിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ(Line of Actual Control) തല്‍സ്ഥിതി മാറ്റാന്‍ ചൈന ഏകപക്ഷീയമായി ശ്രമം നടത്തിയെന്നാണ് പാര്‍ലമെന്‍റില്‍ രാജ്‌നാഥ് സിങ് പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ സൈനികരുടെ തക്കസമയത്തുള്ള പ്രതികരണം കാരണം ചൈനീസ് സൈനികര്‍ പിന്‍മാറി എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ യഥാര്‍ഥ വസ്‌തുതകള്‍ മറച്ച് വയ്‌ക്കുകയാണെന്നും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചവേണമെന്നുമാണ് കോണ്‍ഗ്രസ് ഇന്നലെ പാര്‍ലമെന്‍റില്‍ പറഞ്ഞത്.
പ്രതിരോധമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് മേലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെയും പ്രതിപക്ഷത്തിന്‍റെ അഭിപ്രായം കേള്‍ക്കാതെയുമുള്ള സമീപനം ജനാധിപത്യപരമല്ല എന്നും ശശി തരൂര്‍ പാര്‍ലമെന്‍റ് അങ്കണത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പാര്‍ലമെന്‍റ് എന്ന് ശശി തരൂര്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളോട് ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടാവാനുള്ള വേദിയാണ് അത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നമ്മുടെ അതിര്‍ത്തി ചൈന കുറച്ച് കുറച്ചായി കാര്‍ന്നെടുക്കുകയാണ്.
2017ലെ ദോക്ക്‌ലാം സംഭവം മുതല്‍ തുടങ്ങിയതാണ് അത്. ഡിസംബര്‍ ഒമ്പതിലെ തവാങ് സംഭവം വരെ അത് എത്തിയിരിക്കുകയാണ്. സംഭവത്തിന്‍റെ ഒരു സംക്ഷിപ്‌ത രൂപം സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാറിന്‍റെ നിലപാട് പൊതുജനങ്ങളെ അറിയിക്കണമെന്നും തരൂര്‍ പറഞ്ഞു.
നെഹ്‌റുവിന്‍റെ മാതൃക ഓര്‍മ്മപ്പെടുത്തി തരൂര്‍: 1962ല്‍ ചൈനയുമായുള്ള യുദ്ധം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായ കാര്യം ശശി തരൂര്‍ ഓര്‍മ്മപ്പെടുത്തി. ആ ചര്‍ച്ചയില്‍ നൂറോളം എംപിമാരുടെ ചോദ്യങ്ങള്‍ കേട്ട ശേഷമാണ് നെഹ്‌റു മറുപടി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിലുള്ള സംവാദമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്ളത് കൊണ്ട് സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല എന്ന കേന്ദ്ര സര്‍ക്കാറിന്‍റെ വാദവും ശശി തരൂര്‍ തള്ളി. ജനാധിപത്യ രീതികളോട് യാതൊരു താത്‌പര്യവും കാണിക്കാത്ത സര്‍ക്കാറിന്‍റെ സമീപനത്തില്‍ തങ്ങള്‍ക്ക് ഞെട്ടലുണ്ട്. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആരും ആവശ്യപ്പെടുന്നില്ല. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള ചൈനയുടെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ ചെയ്‌തികളെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നിലപാടില്‍ വ്യക്തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 2020ല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ സംഭവിച്ചത്. ഇതിന് ശേഷം യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തമാക്കി. പെട്ടെന്ന് സൈനിക വാഹനങ്ങളും ആയുധങ്ങളും എത്തിക്കുന്നതിന് ഇന്ത്യ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലെ റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വലിയ രീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്.