ചെന്നൈ : എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനി സ്വാമിയെ(ഇപിഎസ്) തെരഞ്ഞെടുത്തത് സുപ്രീംകോടതി ശരിവച്ചതോടെ ഒ പനീര്‍സെല്‍വവുമായുള്ള(ഒപിഎസ്) സംഘടനാ പോരാട്ടത്തിലും നിയമപരമായ ഏറ്റുമുട്ടലിലും വിജയം കണ്ടിരിക്കുകയാണ് അദ്ദേഹം. ഇപിഎസിന്‍റെ എഐഎഡിഎംകെയിലെ ആധിപത്യം ഇതോടെ ഊട്ടി ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇപിഎസിനെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത എഐഎഡിഎംകെയുടെ ജൂലായ് 11ലെ ജനറല്‍ കൗണ്‍സില്‍ തീരുമാനം ചോദ്യം ചെയ്‌ത് ഒപിഎസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.
ഒപിഎസിനെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ തീരുമാനവും സുപ്രീംകോടതി അംഗീകരിച്ചു. അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സ്ഥിരം ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിക്കാനുള്ള ജനറല്‍ കൗണ്‍സിലിന്‍റെ തീരുമാനവും അംഗീകരിക്കപ്പെട്ടു.
നിയമപരമായുള്ള വെല്ലുവിളിയും അതിജീവിച്ച് ഇപിഎസ് : സംഘടനയില്‍ ഇപിഎസിന് ഒപിഎസിനെ അപേക്ഷിച്ച് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. എന്നാല്‍ ഒപിഎസും അദ്ദേഹത്തിന്‍റെ കൂടെയുള്ള പാര്‍ട്ടിയിലെ ചെറുസംഘവും നിയമപരമായ വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു. തന്‍റെ വാദങ്ങള്‍ തള്ളിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരായി ഒപിഎസ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് സുപ്രീംകോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
സുപ്രീംകോടതി വിധി വന്നതോട് കൂടി ഇപിഎസ് ക്യാമ്പ് ആഹ്ളാദത്തിലാണ്. തങ്ങള്‍ ഏറെ നാള്‍ പ്രതീക്ഷിച്ച വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് ഇപിഎസിനെ അനുകൂലിക്കുന്ന നേതാക്കള്‍ പറഞ്ഞു.
"ഭരണകക്ഷിയായ ഡിഎംകെയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നവരുടെ മുഖം മൂടി അഴിഞ്ഞുവീഴുന്ന വിധിയാണ് വന്നിരിക്കുന്നത്. 1.5കോടിയിലധികം വരുന്ന പാര്‍ട്ടി കേഡര്‍മാര്‍ സുപ്രീംകോടതി വിധിയില്‍ തികഞ്ഞ ആഹ്ളാദത്തിലാണ്. ജയലളിതയുടെ അമ്പലത്തില്‍ താന്‍ നടത്തിയ പ്രാര്‍ഥന ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു" - സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് ഇപിഎസ് വ്യക്തമാക്കി.
എഐഎഡിഎംകെയില്‍ ഇപിഎസിന്‍റെ ആധിപത്യം : ഇപിഎസിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്‌ട്രീയ നേട്ടമാണ് സുപ്രീംകോടതി വിധിയോടുകൂടി ഉണ്ടായിരിക്കുന്നത്. കര്‍ഷകന്‍, സൈക്കിളില്‍ ശര്‍ക്കര വിറ്റയാള്‍ എന്നീ നിലകളില്‍ നിന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി, എഐഎഡിഎംകെയുടെ അധ്യക്ഷന്‍ എന്നീ പദവികളിലേക്ക് ഇപിഎസ് എത്തിയത്.
ദൈവത്തിന്‍റെ കൈയൊപ്പുള്ള വിധിയാണ് വന്നിരിക്കുന്നതെന്ന് ഇപിഎസ് പക്ഷത്തിന്‍റെ പ്രധാന നേതാവും മുന്‍ മന്ത്രിയുമായ ഡി ജയകുമാര്‍ പറഞ്ഞു. ചെന്നൈയിലെ ഡിഎംകെയുടെ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ വിധി പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ സന്തോഷമാണ് ഉണ്ടാക്കുന്നത്. കൗരവര്‍ നടത്തിയ ഗൂഢാലോചന ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.
പാണ്ഡവര്‍ ഇപ്പോള്‍ വിജയിച്ചിരിക്കുകയാണ്. ഒപിഎസ്, വി കെ ശശികല, ടിടിവി ദിനകരന്‍ എന്നിവരൊഴികെ മറ്റുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാം എന്നും അദ്ദേഹം പറഞ്ഞു. ഒപിഎസിന്‍റെ രാഷ്‌ട്രീയ ഭാവി അസ്‌തമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് അവസാന വിജയമല്ലെന്ന് ഒപിഎസിനെ പിന്തുണയ്‌ക്കുന്ന ആര്‍ വൈദ്യലിംഗം പറഞ്ഞു. ടിടിവി ദിനകരനും സമാനമായാണ് പ്രതികരിച്ചത്. ഫെബ്രുവരി 27ന് ഇറോഡ് ഈസ്‌റ്റ് അസംബ്ലി മണ്ഡലത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടെ എഐഎഡിഎംകെയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.