സോനിപത് : സിംഗു അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ഷക സമരം നടക്കുന്ന സ്ഥലത്തിന് സമീപത്താണ് പഞ്ചാബ് സ്വദേശിയായ ലഖ്ബീർ സിംഗിനെ കൊന്ന് കെട്ടിത്തൂക്കിയത്. കേസില്‍ അറസ്റ്റിലായ നാരായണ്‍ സിംഗ്, ഭഗവത് സിംഗ്, ഗോവിന്ദ് പ്രീത് സിംഗ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ 14 ദിവസത്തേക്ക് വിട്ടുകിട്ടണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളുടെ വസ്ത്രത്തില്‍ നിന്നും കൊല്ലപ്പെട്ടയാളുടെ രക്തം കണ്ടെത്തേണ്ടതുണ്ട്.
Also Read: മഴ കനക്കുന്നു ; രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായി പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളും
ഇത്തരം ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് കൂടുതല്‍ സമയമെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ അറ് ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ നാരായണ്‍ സിംഗിനെ പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ, കര്‍ഷക പ്രതിഷേധം നടക്കുന്ന സ്ഥലത്തെ പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
കൈകളും കാലുകളും മുറിച്ച നിലയിലുമായിരുന്നു. പഞ്ചാബിലെ താർ തരൻ ജില്ലയിലെ ചീമ ഖുർദ് ഗ്രാമത്തിലുള്ളയാളാണ് 36 കാരനായ ലഖ്ബീർ സിംഗ്. ഇയാള്‍ കൂലിപ്പണിക്കാരനായിരുന്നു.