ഭുവനേശ്വര്‍: രണ്ടാഴ്ചയായി സിംലിപാൽ നാഷണൽ പാർക്കിലും സമീപ വനങ്ങളിലും പടർന്നുപിടിച്ചുകൊണ്ടിരുന്ന കാട്ടുതീ നിയന്ത്രണവിധേയമായതായി ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. മഴ പെയ്തതാണ് തീ ഒരു പരിധി വരെ നിയന്ത്രണ വിധേയമാകാന്‍ കാരണമെന്ന് ടാസ്ക് ഫോഴ്സ് തലവനായ സന്ദീപ് ത്രിപാഠി പറഞ്ഞു.
മയൂർഭഞ്ച് ജില്ലയിലെ സിംലിപാൽ നാഷണൽ പാർക്കിലും സമീപത്തെ വനപ്രദേശങ്ങളിലും വൻ തീപിടിത്തമാണുണ്ടായത്. ഇത് വന്യമൃഗങ്ങളുടെ നാശത്തിന് കാരണമാകുമോയെന്ന് പരിസ്ഥിതി പ്രവർത്തകര്‍ ആശങ്കയിലായിരുന്നു. അതേസമയം സംസ്ഥാന സർക്കാർ സമയബന്ധിതമായി നടപടിയെടുത്തിരുന്നുവെങ്കിൽ തീ ഇത്രയും വലിയ തോതിൽ പടരില്ലായിരുന്നുവെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചിരുന്നു.
വിഷയത്തില്‍ അലംഭാവം കാണിച്ചതിന് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉടനടി വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സർക്കാർ ഉടനടി പ്രവർത്തിച്ചിരുന്നെങ്കിൽ നിരവധി വന്യജീവികളും ഔഷധ സസ്യങ്ങളും സംരക്ഷിക്കാമായിരുന്നുവെന്നും കോൺഗ്രസ് എംഎൽഎ എസ് സലൂജ പറഞ്ഞു. അതേസമയം വനനശീകരണത്തിന്‍റെ തെളിവുകള്‍ ഇല്ലാതാക്കാന്‍ പാര്‍ക്കിന് മനഃപൂര്‍വം തീകൊളുത്തിയതാണെന്ന ആരോപണവുമായി ബിജെപി ചീഫ് വിപ്പ് മോഹന്‍ മാജി രംഗത്തെത്തി.
എന്നാല്‍ തീ നിയന്ത്രണവിധേയമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വന്യജീവികൾക്കും മനുഷ്യർക്കും യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് ഭരണകക്ഷിയായ ബിജെഡി വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറി പി പി ദാസ് പ്രവർത്തകര്‍ക്കൊപ്പം കഴിഞ്ഞ ദിവസം പാർക്ക് സന്ദർശിച്ചിരുന്നു.
തീ നിയന്ത്രണവിധേയമാക്കാൻ ഒഡീഷ സർക്കാരിനെ സഹായിക്കാൻ മൂന്ന് അംഗ കേന്ദ്ര സംഘം ഭുവനേശ്വറിൽ എത്തിയിട്ടുണ്ടെന്ന് സന്ദീപ് ത്രിപാഠി പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഇടയ്ക്കിടെ മഴ പെയ്യുമെന്ന് ഭുവനേശ്വറിലെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ടെന്നും ഇത് നിലവിലുള്ള സ്ഥിതി ലഘൂകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.