2023ലെ സൈമ അവാര്‍ഡ്‌സില്‍ മലയാളത്തില്‍ നിന്ന് മികച്ച നടനായി ടൊവിനോ തോമസും, തമിഴില്‍ നിന്ന് ആര്‍ മാധവനും. കുഞ്ചാക്കോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസ് കൊട്' ആണ് മികച്ച മലയാള ചിത്രം. 'പൊന്നിയിന്‍ സെല്‍വന്‍ 1' ആണ് മികച്ച തമിഴ് ചിത്രം.
താരനിബിഡമായ ചടങ്ങിന് തിരശ്ശീല വീണു: പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ദുബൈയില്‍ നടന്ന 2023ലെ സൗത്ത് ഇന്ത്യൻ ഇന്‍റര്‍നാഷണൽ മുവി അവാർഡ്‌സിന് (South Indian International Movie Awards) കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 16) തിരശ്ശീല വീണു. സെപ്റ്റംബർ 15, 16 തീയതികളിലായാണ് ദുബൈയിലെ വേൾഡ് ട്രേഡ് സെന്‍ററില്‍ താരനിബിഡമായ 11-ാമത് സൈമ (SIIMA) പുരസ്‌കാര ചടങ്ങ് നടന്നത് (SIIMA Awards 2023). അംഗീകാര പ്രഖ്യാപനത്തിന്‍റെ ആദ്യ ദിനത്തില്‍ തെലുഗു, കന്നട സിനിമ മേഖലകളിലെ വിജയികളെയാണ് തെരഞ്ഞെടുത്തത്. രണ്ടാം ദിനത്തില്‍ മലയാളം, തമിഴ് സിനിമ രംഗങ്ങളിലെ ജേതാക്കളെയും പ്രഖ്യാപിച്ചു.
മികച്ച നടന്‍ ടൊവിനോ, നടി കല്യാണി : 2023 സൈമ അവാര്‍ഡ്‌സില്‍ മലയാളത്തില്‍ നിന്ന് ടൊവിനോ തോമസ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. 'തല്ലുമാല' എന്ന സിനിമയിലെ മികച്ച പ്രകടനമാണ് താരത്തെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. 'ബ്രോ ഡാഡി' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം കല്യാണി പ്രിയദർശനും സ്വന്തമാക്കി. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ 'ഹൃദയം' എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
റോക്കട്രിയിലൂടെ മാധവന് രണ്ട് പുരസ്‌കാരങ്ങള്‍ : ഈ വര്‍ഷത്തെ സൈമ അവാര്‍ഡ്‌സില്‍ തമിഴില്‍, 'റോക്കട്രി' എന്ന സിനിമയിലെ മികച്ച പ്രകടനമാണ് ആര്‍ മാധവനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 'റോക്കട്രി'യിലൂടെ മികച്ച നവാഗത സംവിധായകനുള്ള അംഗീകാരവും മാധവന്‍ സ്വന്തമാക്കി. അതേസമയം 'വിക്രം' എന്ന സിനിമയിലൂടെ കമല്‍ ഹാസന്‍ മികച്ച നടനുള്ള പോപ്പുലര്‍ ചോയ്‌സ് അവാര്‍ഡ് നേടി. 'വിക്രം' സംവിധായകന്‍ ലോകേഷ് കനകരാജ് മികച്ച സംവിധായകനുള്ള അംഗീകാരവും സ്വന്തമാക്കി. 'പൊന്നിയിന്‍ സെല്‍വന്‍ 1'ലൂടെ തൃഷ മികച്ച നടിക്കുള്ള പോപ്പുലര്‍ ചോയ്‌സ് അവാര്‍ഡും നേടി.
സൈമ അവാര്‍ഡ്‌സ് 2023ലെ മലയാളം വിജയികള്‍
- മികച്ച ചിത്രം - ന്നാ താൻ കേസ് കൊട്
- മികച്ച സംവിധായകൻ - വിനീത് ശ്രീനിവാസൻ (ഹൃദയം)
- മികച്ച നടൻ - ടൊവിനോ തോമസ് (തല്ലുമാല)
- മികച്ച നടി - കല്യാണി പ്രിയദർശൻ (ബ്രോ ഡാഡി)
- മികച്ച നടൻ (ക്രിട്ടിക്‌സ്) - കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്)
- മികച്ച നടി (ക്രിട്ടിക്‌സ്) - ദർശന രാജേന്ദ്രൻ (ജയ ജയ ജയ ജയ ഹേ)
- മികച്ച സഹ നടൻ - ലാൽ (മഹാവീര്യർ)
- മികച്ച സഹ നടി - ബിന്ദു പണിക്കർ (റോഷാക്ക്)
- മികച്ച കോമഡി താരം - രാജേഷ് മാധവൻ (ന്നാ താൻ കേസ് കൊട്)
- നെഗറ്റീവ് റോളിലെ മികച്ച നടൻ - വിനീത് ശ്രീനിവാസൻ (മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്)
- പ്രത്യേക ജൂറി അവാർഡ് - ബേസിൽ ജോസഫ് (ജയ ജയ ജയ ജയ ഹേ)
- മികച്ച ഛായാഗ്രാഹകന്‍ - ശരൺ വേലായുധൻ (സൗദി വെള്ളക്ക)
- മികച്ച ഗാനരചയിതാവ് - വിനായക് ശശികുമാർ (ഭീഷ്‌മ പർവം - പറുദീസ)
- മികച്ച പിന്നണി ഗായിക - മൃദുല വാര്യര്‍ (പത്തൊന്‍പതാം നൂറ്റാണ്ട് - മയില്‍പ്പീലി)
- മികച്ച പുതുമുഖ നടൻ - രഞ്ജിത് സജീവ് (മൈക്ക്)
- മികച്ച പുതുമുഖ നടി - ഗായത്രി ശങ്കർ (ന്നാ താൻ കേസ് കൊട്)
- മികച്ച നവാഗത സംവിധായകൻ - അഭിനവ് സുന്ദര്‍ നായക് (മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്)
- മികച്ച നവാഗത നിർമാതാവ് - ഉണ്ണി മുകുന്ദന്‍ ഫിലിംസ് (മേപ്പടിയാന്‍)
സൈമ അവാര്‍ഡ്‌സ് 2023ലെ തമിഴ് ജേതാക്കള്‍
- മികച്ച ചിത്രം - പൊന്നിയിൻ സെൽവൻ 1
- മികച്ച സംവിധായകൻ - ലോകേഷ് കനകരാജ് (വിക്രം)
- മികച്ച നടൻ - മാധവൻ (റോക്കട്രി)
- മികച്ച നടി (ക്രിട്ടിക്‌സ്) - കീർത്തി സുരേഷ് (സാനി കയിധം)
- മികച്ച നടന്‍ (പോപ്പുലര്‍ ചോയ്‌സ്) - കമൽ ഹാസൻ (വിക്രം)
- മികച്ച നടി (പോപ്പുലര്‍ ചോയ്‌സ്) - തൃഷ (പൊന്നിയിന്‍ സെല്‍വന്‍ 1)
- മികച്ച പുതുമുഖ നടൻ - പ്രദീപ് രംഗനാഥൻ (ലൗവ് ടുഡേ)
- മികച്ച പുതുമുഖ നടി - അദിതി (വിരുമാൻ)
- മികച്ച കോമഡി താരം - യോഗി ബാബു (ലൗവ് ടുഡേ)
- നെഗറ്റീവ് റോളിലെ മികച്ച നടൻ - എസ്ജെ സൂര്യ (ഡോൺ)
- മികച്ച സഹ നടൻ - കാളി വെങ്കട് (ഗാർഗി)
- മികച്ച സഹ നടി - വാസന്തി (വിക്രം)
- മികച്ച ഛായാഗ്രാഹകൻ - രവി വർമ്മൻ (പൊന്നിയിന്‍ സെല്‍വന്‍ 1)
- മികച്ച സംഗീത സംവിധായകൻ - അനിരുദ്ധ് രവിചന്ദർ (വിക്രം)
- മികച്ച പിന്നണി ഗായകൻ - കമൽ ഹാസൻ (വിക്രത്തിലെ പത്തല പത്തല ഗാനം)
- മികച്ച പിന്നണി ഗായിക - ജോണിറ്റ (ബീസ്‌റ്റിലെ അറബിക് കുത്ത് )
- മികച്ച നവാഗത സംവിധായകൻ - മാധവൻ (റോക്കട്രി)
- മികച്ച ഗാനരചയിതാവ് - ഇളങ്കോ കൃഷ്‌ണന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1ലെ പൊന്നി നദി)
- അച്ചീവ്‌മെന്‍റ് അവാർഡ് - മണിരത്നം
- മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ - തോട്ട തരണി (പൊന്നിയിന്‍ സെല്‍വന്‍ 1)
ദുബൈയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മലയാളം, തമിഴ്, തെലുഗു, കന്നഡ തുടങ്ങി സിനിമ മേഖലകളില്‍ നിന്നുള്ള നൂറിലധികം താരങ്ങൾ പങ്കെടുത്തു.