ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിന് വിപണിയിൽ താങ്ങാവുന്ന വിലയേയുള്ളൂവെന്ന വിശദീകരണവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന വിലയാണെന്ന വാർത്തകളെ തുടര്‍ന്നാണ് വിശദീകരണം. ഇപ്പോൾ സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപ നിരക്കിലും, സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ നിരക്കിലുമാണ് എസ്ഐഐ വാക്‌സിൻ നൽകുന്നത്. കൂടുതൽ വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നതിന് കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.
കൂടുതൽ വായിക്കാൻ: വാക്സിന്‍ വില പ്രഖ്യാപിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ആഗോള വിലയും ഇന്ത്യയിലെ വാക്‌സിൻ വിലയും തമ്മിൽ താരതമ്യപ്പെടുത്തിയത് കൃത്യതയില്ലാതെയാണെന്ന് എസ്‌ഐഐ വിശദീകരിച്ചു. ഇന്ന് വിപണിയിലുള്ള വാക്‌സിനുകളിൽ ഏറ്റവും താങ്ങാനാകുന്ന വിലയാണ് കൊവിഷീൽഡിന് ഏർപ്പെടുത്തിയിട്ടുള്ളത്. തുടക്കത്തിൽ ആഗോളവിലയേക്കാൾ താഴെയായിരുന്നു.
എന്നാൽ നിലവിലെ സ്ഥിതി ഭയാനകമാണ്. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് കൂടുതൽ വാക്‌സിനുകൾ ആവശ്യമാണ്. വാക്‌സിൻ നിർമാണത്തിന് കൂടുതൽ പണം സമാഹരിക്കേണ്ടതുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്‌സിനാണ് കൊവിഷീൽഡ്.