ജങ്കാവ് : 'താങ്കൾ ജങ്കാവിലെ രാജാവാണെന്ന് പറയുന്നു. എന്നിട്ട്, എന്‍റെ കയ്യൊപ്പ് വ്യാജമായി ഇട്ടിട്ട് എന്തിന് കള്ളത്തരം കാണിച്ചു' - പൊതുജനമധ്യത്തില്‍, എംഎല്‍എയായ അച്ഛനോടുള്ള മകളുടെ ഈ ചോദ്യം തെലങ്കാനയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. ജങ്കാവ് ബിആർഎസ് എംഎൽഎ മുത്തിറെഡ്ഡി യാദഗിരി റെഡ്ഡിയോടാണ് മകൾ തുൾജ ഭവാനി റെഡ്ഡിയുടെ ഈ ഉറച്ച ചോദ്യം.
പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ മകളുടെ ഈ ചോദ്യം പിതാവായ എംഎല്‍എയെ മാത്രമല്ല, ബിആര്‍എസിനെ കൂടി പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. തെലങ്കാന സംസ്ഥാനം രൂപംകൊണ്ടതിന്‍റെ പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ജങ്കാവിലെ വഡ്‌കൊണ്ടയിൽ ഹരിതോത്സവം പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി കഴിഞ്ഞ് പോകുമ്പോഴാണ് മകൾ തുൾജ ഭവാനി റെഡ്ഡിയും മരുമകനും അവിടെയെത്തിയത്. തുടര്‍ന്ന്, ഭവാനി റെഡ്ഡി പിതാവിനോട് തട്ടിക്കയറുകയായിരുന്നു.
'എന്‍റെ പേരില്‍ എന്തിന് ഭൂമി രജിസ്റ്റര്‍ ചെയ്‌തു ?': ചേര്യാല ടൗണിലെ 1,200 യാര്‍ഡ് ഭൂമി എന്തിനാണ് തന്‍റെ പേരിൽ രജിസ്റ്റർ ചെയ്‌തതെന്നും മകള്‍ ഇയാളോട് ചോദിച്ചു. ഇങ്ങനെയാരു സ്ഥലത്ത് താൻ ഭൂമി വാങ്ങിയിട്ടില്ല. രജിസ്‌ട്രേഷൻ ദിവസം ഒരു രേഖയിൽ മാത്രമാണ് ഒപ്പിട്ടത്. അതും തന്‍റെ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയ ശേഷമാണ് ഒപ്പിട്ടതെന്നും പിതാവിനോട് ആള്‍ക്കൂട്ടത്തിനിടെ മകള്‍ പറഞ്ഞു. വ്യാജ ഒപ്പിട്ടതിന്, പിതാവ് യാദഗിരി റെഡ്ഡിക്കെതിരെ ചേര്യാല പൊലീസ് സ്റ്റേഷനിൽ കേസ് നല്‍കുമെന്നും യുവതി പറഞ്ഞു. പിതാവ് ചെയ്‌ത തെറ്റിന് താന്‍ കോടതി കയറി ഇറങ്ങേണ്ടിവരുമെന്നും മകൾ തുൾജ ഭവാനി റെഡ്ഡി ആള്‍ക്കൂട്ടത്തില്‍ വച്ച് പറഞ്ഞു.
'മകളെ കൂടെക്കൂട്ടി കരിവാരി തേയ്ക്കാനുള്ള ശ്രമം': 'നീ പറയുന്നത് ഞാന്‍ വ്യാജ ഒപ്പിട്ടു എന്നാണോ?. അതെല്ലാം തെലങ്കാന സർക്കാർ നോക്കിക്കൊള്ളും. നീ എനിക്കെതിരെ നേരത്തേ ഒരു കേസ് ഫയൽ ചെയ്‌തിട്ടുണ്ട്. അത് ആ വഴിക്ക് തന്നെ പോകട്ടെ' - ബിആര്‍എസ് എംഎല്‍എ, വാക്കേറ്റത്തിനിടെ മകളോട് പറഞ്ഞു. പിന്നീട്, പാര്‍ട്ടി ഓഫിസിൽ വച്ച് യാദഗിരി റെഡ്ഡി മാധ്യമങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. രാഷ്‌ട്രീയ എതിരാളികൾ തനിക്കെതിരെ കരിവാരി തേയ്ക്കാന്‍ മകളെ പ്രേരിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആരോപിച്ചു.
'മുന്‍പ് ജങ്കാവ് കലക്‌ടര്‍ തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ആ കാര്യത്തില്‍ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ല. തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് തലവനുമായ കെ ചന്ദ്രശേഖര്‍ റാവുവിന് തന്നിൽ വിശ്വാസമുണ്ട്.' - യാദഗിരി റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദിലെ ഒരു ഹോട്ടലിന്‍റെ വാടക കരാറുമായി ബന്ധപ്പെട്ട് വ്യാജ ഒപ്പിട്ടതിന് കഴിഞ്ഞ മാസം ഒമ്പതിന് തുൾജ ഭവാനി പിതാവിനെതിരെ കേസ് നല്‍കിയിരുന്നു. ഉപ്പൽ പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പുറമെയാണ് 1,200 യാര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യാദഗിരി റെഡ്ഡിക്കെതിരെ മകള്‍ തിരിഞ്ഞത്.