പൂനെ : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ ഷൂട്ടര്‍ സന്തോഷ് ജാദവാണ് പൂനെ പൊലീസിന്‍റെ പിടിയിലായത്. അറസ്റ്റ് സംബന്ധിച്ച് പൊലീസ് തിങ്കളാഴ്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കും.
ജാദവിന്‍റെ സഹായിയേയും അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളെയും മൂസേവാലയുടെ വധത്തില്‍ പൊലീസ് പ്രതിചേര്‍ത്തിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സംഘാംഗമായ ജാദവ് 2021ൽ പൂനെ മഞ്ചാർ പൊലീസ് സ്റ്റേഷനിൽ രജിസ്‌റ്റര്‍ ചെയ്‌ത ഒരു കൊലപാതക കേസില്‍ പ്രതിയാണ്. ഒരു വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
സിദ്ദു വധക്കേസില്‍ ജാദവിന്‍റെ പേരും ഉയര്‍ന്ന് വന്നതോടെയാണ് പൊലീസ് ഇയാള്‍ക്കായി അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചത്. ജാദവിനെ കണ്ടെത്താനായി പൂനെയില്‍ നിന്നും പ്രത്യേക സംഘങ്ങളായി ഉദ്യോഗസ്ഥര്‍ ഗുജറാത്തിലും രാജസ്ഥാനിലും തിരച്ചില്‍ നടത്തിയിരുന്നു.
More Read:സിദ്ദു മൂസേവാല വധം : കുറ്റസമ്മതം നടത്തി ഗുണ്ടാനേതാവ് ലോറൻസിന്‍റെ അനന്തരവൻ സച്ചിൻ
2021-ലെ കൊലപാതക കേസില്‍ സന്തോഷ് ജാദവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മഹാകൽ എന്നറിയപ്പെടുന്ന സിദ്ധേഷ് കാംബ്ലെയെയും അന്വേഷണസംഘം പിടികൂടി. കഴിഞ്ഞ ആഴ്‌ചയിലാണ് മക്കോക്ക(MCOCA) കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മൂസേവാല കൊലക്കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും പഞ്ചാബ് പൊലീസും ഇയാളെ ചോദ്യം ചെയ്‌തിരുന്നു.
തിരക്കഥാകൃത്ത് സലീം ഖാനും, മകന്‍ സല്‍മാന്‍ ഖാനുമെതിരായി ഭീഷണിക്കത്ത് നല്‍കിയ കേസില്‍ മഹാകലിനെ മുംബൈ പൊലീസും ചോദ്യം ചെയ്‌തു. വിഐപികളുടെ സുരക്ഷ പഞ്ചാബ് ആം ആദ്‌മി സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്. മെയ് 29-ന് പഞ്ചാബിലെ മന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം.