ജയ്‌പൂർ: വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെത്തി. ചാര്‍ട്ടര്‍ഡ് വിമാനത്തിലാണ് സിദ്ധാര്‍ഥും കിയാരയും എത്തിയതെന്നാണ് റിപ്പോര്‍ട്ട്. വെളുത്ത നിറമുള്ള ജംപ്‌സ്യൂട്ടില്‍ പിങ്ക് കളര്‍ ഷാള്‍ ധരിച്ചായിരുന്നു കിയാര എത്തിയത്.
കിയാരയോടൊപ്പം പ്രശസ്‌ത ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയും ജയ്‌സാല്‍മീറിലെത്തിയിരുന്നു. എന്നാല്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തനിച്ചായിരുന്നു വിമാനത്താവളത്തിന് പുറത്തെത്തിയത്. താരങ്ങളുടെ മെഹന്തി ആഘോഷങ്ങള്‍ക്ക് നിറമേകുവാനായി ബോളിവുഡിലെ പ്രശസ്‌ത മെഹന്തി ആര്‍ടിസ്‌റ്റ് വീണ നഗ്‌ഡ, നേരത്തെ മുംബൈയില്‍ നിന്നും ജയ്‌സാല്‍മീറിലെത്തിയിരുന്നു.
ഫെബ്രുവരി ആറിനാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ നാളെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വച്ച് വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് താരങ്ങള്‍. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിന്‍റെ ഭാഗമായി ജയ്‌സാല്‍മീറിലേയ്‌ക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്.
ശേഷിക്കുന്ന അതിഥികള്‍ ഞായറാഴ്‌ചയോടെ എത്തിച്ചേരുമെന്നാണ് സൂചന. ബോളിവുഡിന്‍റെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍, വിക്കി കുഷാല്‍, കത്രീന കയ്‌ഫ്, കരണ്‍ ജോഹര്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കും.