ന്യൂഡല്‍ഹി: യു.പിയില്‍ തടവില്‍ കഴിയുന്നതിനിടെ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി നാളത്തേയ്ക്ക് മാറ്റി. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ള്യു.ജെ നല്‍കിയ ഹര്‍ജിയാണ് കോടതി മാറ്റി വച്ചത്.
ഹർജി ഇന്ന് തന്നെ കേൾക്കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയുടെ അഭ്യർഥനയെ തുടർന്നാണ് കോടതി കേസ് നാളത്തേക്ക് മാറ്റിയത്. കെ.യു.ഡബ്ള്യു.ജെയുടെ ഹർജി നിലനിൽക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ചു. എല്ലാവരും ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിയ്ക്കുന്നു. ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ ഹേബിയസ് കോർപ്പസ് കള്ളം പറയില്ല. ഹേബിയസ് കോർപ്പസ് അപേക്ഷയ്ക്ക് പകരം സാധാരണ ജാമ്യപേക്ഷ നല്കുകയാണ് വേണ്ടതെന്നും മേത്ത ഉന്നയിച്ചു.
കാപ്പന്‍ അനധികൃതമായല്ല തടങ്കലിൽ കഴിയുന്നതെന്നും പത്രപ്രവർത്തക യൂണിയന്‍റെ ഹർജി നിലനിൽക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. അതേസമയം, സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെ.യു.ഡബ്ല്യു.ജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് യു.പി സർക്കാർ കോടതിയോടു പറഞ്ഞു. കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത് കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ എതിർത്തു.
അതേസമയം, സിദ്ദീഖ് കാപ്പനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജിയെ യു.പി സർക്കാർ സുപ്രീംകോടതിയിൽ എതിർത്തു. കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ യു.പി സർക്കാരിനോട് കോടതി നിർദേശിച്ചു. കഴിയുമെങ്കിൽ ഇന്ന് തന്നെ ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മഥുര ആശുപത്രിയിലാണ് സിദ്ദിഖ് കാപ്പന്‍ ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് രോഗബാധിതനായ കാപ്പനെ ജയിലിലെ ശുചിമുറിയില്‍ വീണതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.