ഹൂബ്ലി (കർണാടക) : ശാരീരിക വെല്ലുവിളികള്‍ക്കിടയിലും മനക്കരുത്തുകൊണ്ട് നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൂബ്ലി സ്വദേശിയായ സിദ്ധാർഥ ബല്ലാരി. 18 വയസിനിടെ 26 തവണയാണ് സിദ്ധാര്‍ഥ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശരീരത്തിൽ 6,500 ലധികം തുന്നലുകളുണ്ട്.
പ്രതിസന്ധികളെ അതിജീവിച്ച് മനസ്ഥൈര്യത്താല്‍ വിജയക്കുതിപ്പ് തുടരുകയാണ് സിദ്ധാർഥ. ഇന്‍റർനാഷണൽ സ്പോർട്‌സ് ഫെഡറേഷന്‍റെ മത്സരവേദിയില്‍ (ഐഎസ്എഫ്) രാജ്യത്തെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ഐഎസ്‌എഫ് മീറ്റിൽ 100 മീറ്റർ, 400 മീറ്റർ ഓട്ടം, ലോങ് ജംപ് എന്നീ ഇവന്‍റുകളിലാകും താരം മത്സരിക്കുക.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പാരാ സ്‌പോർട്‌സ് ഇവന്‍റുകളിൽ നിരവധി മെഡലുകൾ ഇതിനോടകം സിദ്ധാർഥ നേടിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് 19-ാമത് ഇന്‍റർനാഷണൽ സ്പോർട്സ് ഫെഡറേഷൻ (ഐഎസ്‌എഫ്) സംഘടിപ്പിക്കുന്ന ഇവന്‍റിൽ രാജ്യത്തെ പ്രതിനിധീകരിക്കാനും അവസരം ലഭിച്ചത്. മെയ് 14 മുതൽ ഫ്രാൻസിലാണ് മത്സരങ്ങള്‍.
ശാന്തിനികേതൻ കോളജിൽ ഒന്നാംവർഷ പി.യു.സി വിദ്യാർഥിയായ സിദ്ധാർഥ, 18 വയസുകാരുടെ അത്‌ലറ്റിക് ടൂർണമെന്‍റിൽ പങ്കെടുത്തതോടെയാണ് ഐഎസ്എഫിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ട് വർഷം മുമ്പാണ് 11000 കെ.വി ലൈനില്‍ നിന്ന് സിദ്ധാർഥയ്ക്ക് വൈദ്യുതാഘാതമേറ്റത്. അപകടത്തിൽ വയറിന്‍റെ അടിഭാഗത്ത് പൊള്ളലേറ്റു. തുടയിലെ മാംസം പൊട്ടി.
ഇടത് കൈയും നഷ്‌ടപ്പെട്ടു. ഇതേതുടർന്നാണ് 26 തവണ പല വിധത്തിലുള്ള ശസ്ത്രക്രിയകള്‍ക്ക് വിധേയനായത്. കുട്ടിക്കാലം മുതൽ മികച്ച ഹോക്കി കളിക്കാരനായിരുന്ന സിദ്ധാർഥ, കായികരംഗത്ത് എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് അന്നുതൊട്ടേ സ്വപ്‌നം കണ്ടുതുടങ്ങിയതാണ്.
പക്ഷേ വിധി അവന്‍റെ ജീവിതം മാറ്റിമറിച്ചു. എന്നാൽ അത് വെല്ലുവിളിയായി എടുത്തുകൊണ്ടുതന്നെ തന്‍റെ സ്വപ്‌നങ്ങളിലേക്കെത്താൻ നിരന്തരം പരിശ്രമിച്ചു. അതിന്‍റെ ഫലം ഒടുവിൽ അവൻ നേടിയെടുക്കുകയും ചെയ്‌തു.