ബെംഗളൂരു : കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടുമായി കൂടിക്കാഴ്‌ച നടത്തി സിദ്ധരാമയ്യയും ഡികെ ശിവകുമാറും. മെയ് 20ന് ഉച്ചയ്‌ക്ക് 12.30ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. ചില മന്ത്രിമാരും അന്ന് പദവിയേല്‍ക്കും.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിച്ചത്. പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറിനെയും പ്രഖ്യാപിച്ച കാര്യം അറിയിച്ചത്.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി ഡികെ ശിവകുമാര്‍ തുടരും. മെയ് 10ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 224ല്‍ 135 സീറ്റുകൾ നേടിയാണ് കര്‍ണാടകയില്‍ കോൺഗ്രസ് വിജയം കൊയ്‌തത്.