ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമായും മുന്നോട്ടുവച്ച അഞ്ച് ഉറപ്പുകളും പാലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ഏറെ ഗുണം ചെയ്‌തുവെന്ന് വിലയിരുത്തപ്പെടുന്ന പ്രകടന പത്രികയിലെ അഞ്ച് പദ്ധതികളും നടപ്പാക്കുമെന്ന് വിധാൻസൗദയിൽ വെള്ളിയാഴ്‌ച ചേര്‍ന്ന മന്ത്രിസഭയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഉള്‍പ്പടെ മുന്‍നിര നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തങ്ങള്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ ജാതി മത വിവേചനമില്ലാതെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ഉറപ്പുകള്‍ പാലിക്കപ്പെടുമ്പോള്‍: ഗൃഹ ജ്യോതി, ഗൃഹ ലക്ഷ്‌മി, അന്ന ഭാഗ്യ, ശക്തി, യുവനിധി എന്ന് പേരിട്ടിട്ടുള്ള പദ്ധതികള്‍ക്കാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പച്ചക്കൊടി വീശിയത്. ഇതുപ്രകാരം ഓരോ വീട്ടിനും ഏകദേശം 200 യൂണിറ്റ് സൗജന്യ വൈദ്യുതിയുടെ ഉറപ്പുനല്‍കുന്ന 'ഗൃഹ ജ്യോതി' പദ്ധതി ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. എന്നാല്‍ ജൂലൈ വരെയുള്ള വൈദ്യുതി ബില്ലുകള്‍ ഉപഭോക്താക്കള്‍ അടക്കണമെന്നും അദേഹം വ്യക്തമാക്കി. ബിപിഎൽ കാര്‍ഡുള്ള കുടുംബങ്ങളിലെയും അന്ത്യോദയ കാർഡുടമകളിലെയും എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന 'അന്ന ഭാഗ്യ' പദ്ധതിയും ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. എന്നാല്‍ കുടുംബനാഥയായ സ്‌ത്രീക്ക് പ്രതിമാസം 2000 രൂപ സഹായമായി ലഭ്യമാക്കുന്ന ഗൃഹ ലക്ഷ്‌മി പദ്ധതി ഓഗസ്‌റ്റ് 15 നാണ് ആരംഭിക്കുക.
സംസ്ഥാനത്ത് എസി, ലക്ഷ്വറി ബസുകൾ ഒഴികെയുള്ള പൊതുഗതാഗത ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യമായി യാത്ര ഉറപ്പുനല്‍കുന്ന ശക്തി പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നതായും സിദ്ധരാമയ്യ അറിയിച്ചു. തൊഴില്‍രഹിതരായ ബിരുദധാരികൾക്ക് 3,000 രൂപയും 2022-23ൽ പാസായ തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് 1,500 രൂപയും 24 മാസത്തേക്ക് നൽകുമെന്നറിയിച്ചുള്ള യുവനിധി പദ്ധതിയും വൈകാതെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഉറപ്പുകള്‍' വന്ന വഴി: പ്രകടന പത്രിക പുറത്തുവിടുന്നതിനും മുമ്പ് തന്നെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളും താരപ്രചാരകരുമായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പല വേദികളില്‍ പല അവസരങ്ങളിലായാണ് ഈ ഉറപ്പുകള്‍ നല്‍കുന്നത്. ഇവ രാഷ്‌ട്രീയ പൊടിക്കൈ മാത്രമായി മാറാതിരിക്കാന്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല, പ്രചാരണ സമിതി ചെയർമാൻ എംബി പാട്ടീൽ, പ്രകടന പത്രിക ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ഡോ. ജി പരമേശ്വർ എന്നിവർ ചേർന്ന് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്‌തതിന് ശേഷമായിരുന്നു ഈ അഞ്ച് വാഗ്‌ദാനങ്ങള്‍ ഉറപ്പുകളായി മാറുന്നത്.
അഞ്ചില്‍ ഒതുങ്ങിയില്ല: വിപുലമായ ഈ അഞ്ച് പ്രഖ്യാപനങ്ങള്‍ക്കൊപ്പം അങ്കണവാടി ജീവനക്കാരുടെ ശമ്പളം 15,000 രൂപയായി ഉയർത്തുമെന്നും ആശാവർക്കർമാരുടെ ശമ്പളം 8,000 രൂപയായി വർധിപ്പിക്കുമെന്ന ആറാമതായി പരിഗണിക്കാവുന്ന മറ്റൊരു ഉറപ്പും കോണ്‍ഗ്രസ് കര്‍ണാടക ജനതയ്‌ക്ക് മുന്നില്‍ വച്ചിരുന്നു. ഖാനാപൂരിൽ നടന്ന പൊതുപരിപാടിയില്‍ പ്രിയങ്ക ഗാന്ധിയായിരുന്നു ഈ വാഗ്‌ദാനം മുന്നോട്ടുവെക്കുന്നത്. തൊട്ടുപിന്നാലെ അര്‍സികെരെയിലെ പൊതുപരിപാടിയില്‍ ഓരോ വർഷവും 30,000 കോടി രൂപ ബജറ്റിൽ കർഷകർക്കായി വിലയിരുത്തി കൊണ്ട്, അഞ്ച് വർഷം കൊണ്ട് കർഷകർക്കായി 1.5 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്ന കര്‍ഷക ക്ഷേമം ഉന്നംവച്ചുള്ള കൃഷി നിധി എന്ന മറ്റൊരു പ്രഖ്യാപനം രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ചിരുന്നു.
Also Read: 'കന്നഡ മനം' അറിഞ്ഞ കോണ്‍ഗ്രസ്; വിജയം എളുപ്പമാക്കിയത് ഈ 'അഞ്ച് സുന്ദര വാഗ്‌ദാനങ്ങള്‍'