ബെംഗളൂരു (കര്‍ണാടക) : മുഖ്യമന്ത്രി പദത്തെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അടക്കമുള്ളവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സഹമന്ത്രിമാരും രാഹുല്‍ ഗാന്ധിയുടെ പേരാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഇന്ന് കര്‍ണാടക കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപമുള്ള ഭാരത് ജോഡോ ഭവനില്‍ സംസാരിക്കുന്നതിനിടെ ആണ് സിദ്ധരാമയ്യ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണം എന്ന ആഗ്രഹം പങ്കുവച്ചത് (Siddaramaiah bat for Rahul Gandhi as the PM candidate).
'രാഹുല്‍ ഗാന്ധി രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രി ആകണം. രാജ്യത്ത് മറ്റാരും ഭാരത് ജോഡോ യാത്ര നടത്തിയിട്ടില്ല. ഇപ്പോഴിതാ വീണ്ടും ഭാരത് ജോഡോ ആരംഭിക്കുകയാണ്. ന്യായ യാത്ര എന്ന പേരിലാണ് വീണ്ടും ആരംഭിക്കുന്നത്. എല്ലാവര്‍ക്കും നീതി ലഭിക്കണം. അതിനുവേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യാത്ര നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ ശാക്തീകരിക്കാന്‍ നമുക്ക് ശ്രമിക്കാം. അതിനായി എല്ലാ ഭിന്നതകളും മറന്ന് പോരാടി കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കണം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കണം' -സിദ്ധരാമയ്യ പറഞ്ഞു.
അധികാരത്തിന് വേണ്ടിയല്ല, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എന്താണ് ചെയ്‌തതെന്ന് ബിജെപി ചോദിക്കുന്നു. ബിജെപിയില്‍ നിന്ന് ആരെങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഉദാഹരണം ഉണ്ടോ? 1950ലാണ് ജനസംഘം സ്ഥാപിതമായത്. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്‌എസ് ഇടപെട്ടകതിന് എന്തെങ്കിലും ഉദാഹരണം ഉണ്ടോ? ഇങ്ങനെ ഉള്ളപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്തു ചെയ്‌തു എന്ന് ചോദിക്കുന്നതില്‍ എന്ത് ധാര്‍മികതയാണ് ഉള്ളതെന്ന് സിദ്ധരാമയ്യ ചോദിച്ചു.
താന്‍ ഹിന്ദുവാണെന്നും ശ്രീരാമനെ ആരാധിക്കുന്നു എന്നും എന്നിരുന്നാലും രാജ്യത്തിന്‍റെ വ്യവസ്ഥിതിയില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു എന്നും കര്‍ണാകട മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രത്യയ ശാസ്‌ത്രമെന്നും അതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക മന്ത്രി ഈശ്വര്‍ ഖന്ദ്രേയും പ്രധാനമന്ത്രി ആയി രാഹുല്‍ ഗാന്ധിയുടെ പേരാണ് പരാമര്‍ശിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്‍റെയും നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 20 സീറ്റെങ്കിലും നേടണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തണം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാന്‍ ദൃഢനിശ്ചയം ചെയ്യണമെന്നും ഈശ്വര്‍ ഖന്ദ്രേ പറഞ്ഞു.