സതാര (മഹാരാഷ്‌ട്ര): കീടനാശിനി കഴിച്ച സഹോദരങ്ങള്‍ മരിച്ചു. സത്താര ജില്ലയിലെ കരട് താലൂക്കിലെ മുന്തേ ഗ്രാമത്തിലുള്ള ശ്ലോക് അരവിന്ദ് മാലി (മൂന്ന് വയസ്), തനിഷ്‌ക അരവിന്ദ് മാലി (ഏഴ് വയസ്സ്) എന്നിവരാണ് മുറിയില്‍ ഒളിപ്പിച്ചിരുന്ന കീടനാശിനി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കീടനാശിനി അകത്തുചെന്നതിനെ തുടര്‍ന്നുള്ള അമിത രക്തസ്രാവവും നിർജലീകരണവുമാണ് മരണകാരണമെന്ന് കുട്ടികളുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
കീടനാശിനി എടുത്ത് കഴിച്ചതിനെ തുടര്‍ന്ന് ശ്ലോകിന് ഛര്‍ദിയുണ്ടായി. അമിതമായ ഛര്‍ദിയെ തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കള്‍ കരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സക്കിടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അധികം വൈകാതെ ശ്ലോകിന്‍റെ സഹോദരി തനിഷ്‌കയേയും കലശലായ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തനിഷ്‌കയുടെ ജീവനും രക്ഷിക്കാനായില്ല.
അതേസമയം സഹോദരങ്ങളുടെ മരണം സ്ഥിരീകരിച്ചത് പൊലീസ് സബ് ഇന്‍സ്‌പെക്‌ടറായ പ്രവീണ്‍ ജാദവാണ്. അമിത രക്തസ്രാവവും നിർജലീകരണവുമാണ് ശ്ലോകിന്‍റെ മരണത്തിനിടയാക്കിയതെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുട്ടികളുടെ മരണം മുറിയില്‍ സൂക്ഷിച്ച കീടനാശിനി കഴിച്ചാകാമെന്ന് വീട്ടുകാര്‍ സംശയിച്ചിരുന്നുവെങ്കിലും ഇത് സ്ഥിരീകരിച്ചത് പൊലീസാണ്.
കുട്ടികളുടെ മരണം സമീപവാസികളില്‍ ഞെട്ടലും സങ്കടവുമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം കഴിഞ്ഞദിവസം സക്രദാര ഏരിയയിലെ ആശിര്‍വാദ് നഗറില്‍ കൊതുകിന് ഉപയോഗിക്കുന്ന മരുന്ന് കഴിച്ച് ഒന്നര വയസുകാരി സമാന രീതിയില്‍ മരിച്ചിരുന്നു.