അഹമ്മദാബാദ്: ഡെങ്കിപ്പനി ബാധിതനായതിനെ തുടർന്ന് ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്‌ടമായ ഇന്ത്യൻ സൂപ്പർ ബാറ്റർ ശുഭ്‌മാൻ ഗില്‍ ഇന്ന് (12.10.23) പരിശീലനത്തിനിറങ്ങി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗിൽ ഒരു മണിക്കൂർ നെറ്റ് സെഷൻ നടത്തി. എന്നാലും ഒക്ടോബർ 14 ന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് പോരാട്ടത്തിനുള്ള അന്തിമ ഇലവനില്‍ ഗില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ബുധനാഴ്ച (11.10.23) രാത്രിയാണ് ഗില്‍ ചെന്നൈയില്‍ നിന്ന് അഹമ്മദാബാദിലെത്തിയത്. ഈ വർഷത്തെ ഏറ്റവും മികച്ച റൺവേട്ടക്കാരില്‍ ഒരാളായ 24 കാരനായ ശുഭ്‌മാൻ ഗില്‍ ഇന്ന് പരിശീലനത്തിനിറങ്ങിയത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ത്യയുടെ സൂപ്പർ ഓപ്പണർ.
ഗില്‍ ഇന്ന് നെറ്റ്സിൽ ഒരു മണിക്കൂറോളം ത്രോഡൗണുകൾ എടുത്തതായാണ് വിവരം. ശുഭ്മാൻ ഗിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ സുഖം പ്രാപിച്ചതായാണ് ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് കരുതുന്നത്. തിങ്കളാഴ്ച രാത്രിയാണ് ഗില്ലിനെ ചെന്നൈ കാവേരി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഗണ്യമായി കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്‌ടോബർ 19 ന് പുനെയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തില്‍ ഗില്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്‌മെന്‍റും. ശുഭ്‌മാൻ ഗില്ലിന്‍റെ അഭാവത്തില്‍ ഇന്ത്യൻ ടീമിന്‍റെ ഓപ്പണറായി എത്തിയ ഇഷാൻ കിഷൻ ആദ്യ മത്സരത്തില്‍ അമ്പേ പരാജയപ്പെട്ടെങ്കിലും അഫ്‌ഗാനിസ്ഥാന് എതിരായ മത്സരത്തില്‍ കരുതലോടെയാണ് കളിച്ചത്.
പാകിസ്ഥാന് എതിരായ മത്സരത്തിലും ഇഷാൻ തന്നെയാകും ടീം ഇന്ത്യയുടെ ഓപ്പണറായി രോഹിതിനൊപ്പം ക്രീസിലെത്തുക. മധ്യനിരയില്‍ ശ്രേയസ് അയ്യർ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം ഫോമിലാണെന്നത് ഇന്ത്യൻ ടീമിനും ആരാധകർക്കും ആവേശം പകരുന്ന കാര്യമാണ്.