ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കർ കൊലപാതകത്തില്‍, അസ്ഥികളില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ റിപ്പോര്‍ട്ട് പുറത്ത്. യുവതിയുടെ ഒപ്പം താമസിച്ച അഫ്‌താബ് പൂനാവാല, കൊന്ന് മൃതദേഹം കഷണങ്ങളാക്കിയത് ഈര്‍ച്ച വാള്‍ ഉപയോഗിച്ചാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡൽഹി എയിംസിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
അസ്ഥികളുടെ പോസ്റ്റ്‌മോർട്ടം നടത്താൻ എയിംസില്‍ ഡോക്‌ടർമാരുടെ ഒരു ബോർഡ് രൂപീകരിച്ചിരുന്നു. ഈ സംഘം നടത്തിയ പരിശോധനയിലാണ് ശ്രദ്ധയുടെ ശരീരം മൂർച്ചയുള്ള ഈര്‍ച്ചവാള്‍ കൊണ്ടാണ് മുറിച്ചെടുത്തതെന്ന ഫലം പുറത്തുവന്നത്. ഡല്‍ഹി പൊലീസ് അഡീഷണല്‍ കമ്മിഷണര്‍ ഡോ. സാഗർ പ്രീത് ഹൂഡയാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഗുരുഗ്രാമിലെ മെഹ്റൗലി വനത്തിൽ നിന്നും മറ്റും കണ്ടെത്തിയ എല്ലിൻ കഷണങ്ങള്‍ ശ്രദ്ധയുടേതാണെന്ന്, പിതാവിന്‍റെ ഡിഎന്‍എ സാമ്പിളുമായി നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ രക്തപ്പാടുകളും മുടികളും ശ്രദ്ധയുടേതാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായി. 2022 മെയ് 18നാണ് അഫ്‌താബ് പൂനാവാല പങ്കാളിയായ ശ്രദ്ധയെ, വാക്കുതർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയത്.
ശേഷം, മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന്, പുലർച്ചെ എഴുന്നേറ്റ് 18 ദിവസങ്ങളിലായി ഡൽഹിയുടെ പലസ്ഥലങ്ങളിലായി കൊണ്ടുപോയി തള്ളി. ഈർച്ച വാളും ബ്ലേഡുകളും ഗുരുഗ്രാമിലെ കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്.