ന്യൂഡൽഹി: ശ്രദ്ധ വാക്കറുടെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി ശ്രദ്ധയെ ചികിത്സിച്ച ഡോക്‌ടർ. ശ്രദ്ധ വാക്കറെ 2020ൽ ആന്തരിക പരിക്കുകളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി ഓസോൺ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ ഡോക്‌ടർ എസ് പി ഷിൻഡെ പറഞ്ഞു. 2020 ഡിസംബർ മൂന്ന് മുതൽ ആറ് വരെ ശ്രദ്ധ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, തുടർ ചികിത്സക്കായി ശ്രദ്ധ ആശുപത്രിയിൽ എത്തിയില്ലെന്നും ഡോക്‌ടർ പറഞ്ഞു.
അസഹ്യമായ നടുവേദന, കഴുത്ത് വേദന, കഴുത്ത് ചലിപ്പിക്കാൻ ബുദ്ധിമുട്ട് എന്നിവയെ തുടർന്നായിരുന്നു ശ്രദ്ധ ആശുപത്രിയിലെത്തിയത്. ശ്രദ്ധയ്ക്ക് സ്‌പോണ്ടിലോസിസും ട്രോമയും ഉണ്ടായിരുന്നതായും ഡോക്‌ടർ വെളിപ്പെടുത്തി. ബാഹ്യ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആന്തരിക മുറിവുകൾ ഉണ്ടായിരുന്നു. ഇതിനിടെ ശ്രദ്ധയുടെ മൂക്കിലും കവിളുകളിലും പാടുകളുള്ള ഒരു ചിത്രവും പുറത്തുവന്നു.
മേയ് 18നാണ് പങ്കാളിയായ അഫ്‌താബ് അമിൻ പൂനാവാല (28) ശ്രദ്ധയെ കൊന്നത്. തുടർന്ന്, മൃതദേഹം 35 കഷണങ്ങളാക്കി ഡൽഹിയിലെ കാടുമൂടിയ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ബംബിൾ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ശ്രദ്ധയും അഫ്‌താബും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒരുമിച്ച് ഡൽഹിയിലേക്ക് താമസം മാറി. ഡൽഹിയിലെ വാടക വീട്ടിൽ വച്ച് ഇരുവരും വിവാഹത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ടു. തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.