ന്യൂഡൽഹി : ഒപ്പം താമസിച്ചിരുന്ന വനിത സുഹൃത്തിനെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിലെ പ്രതിയായ അഫ്‌താബ് അമിൻ പൂനാവാലയെ നാർക്കോ ടെസ്റ്റിന് വിധേയമാക്കാന്‍ അനുമതി തേടി ഡൽഹി പൊലീസ് കോടതിയെ സമീപിച്ചു. എന്നാൽ, കോടതിയിൽ നിന്ന് ഇതുസംബന്ധിച്ച് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. യുവതിയുടേതെന്ന് കരുതുന്ന 13 ശരീരഭാഗങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അവ ഡിഎൻഎ പരിശോധനയ്ക്കായി അയയ്‌ക്കും.അതേസമയം ഇരുവരും പരിചയപ്പെട്ട ഡേറ്റിങ് ആപ്പായ ബംബിളിന്‍റെ അധികൃതരെയും അന്വേഷണ സംഘം സമീപിച്ചേക്കും. ശ്രദ്ധ വാക്കറിന്‍റെ സുഹൃത്തുക്കളിൽ ഒരാളായ ലക്ഷ്‌മണയോട് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മെയ് 18നാണ് ശ്രദ്ധയെ അഫ്‌താബ് കൊലപ്പെടുത്തിയത്. രണ്ട് ദിവസമെടുത്താണ് അഫ്‌താബ് മൃതദേഹം 35 കഷണങ്ങളാക്കിയത്. ശേഷം, ഫ്രീസറില്‍ സൂക്ഷിച്ച് 20 ദിവസമെടുത്ത് ഡല്‍ഹിയുടെ വിവിധ ഇടങ്ങളിലുള്ള കാടുമൂടിയ പ്രദേശങ്ങളില്‍ കൊണ്ടുതള്ളുകയായിരുന്നു. പുലര്‍ച്ചെ ബാഗില്‍ ആര്‍ക്കും സംശയം തോന്നാത്ത രൂപത്തിലാണ് ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്. കൊലപാതകം ചെയ്‌ത് ആറുമാസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്‌ചയാണ് (നവംബര്‍ 14) അഫ്‌താബ് അമിൻ പൂനവാല പിടിയിലായത്.
ഉള്‍ക്കാടുകള്‍ തെരഞ്ഞുപിടിച്ച് പോയാണ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സംശയം തോന്നാതിരിക്കാന്‍ പ്രതി ശ്രദ്ധയുടെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് മെസേജ് അയച്ചിരുന്നതായി ഇയാള്‍ ഡല്‍ഹി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മുംബൈയിലെ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഡേറ്റിങ് ആപ്ലിക്കേഷനിലൂടെ അഫ്‌താബ് ശ്രദ്ധയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇവരുടെ ബന്ധത്തെ യുവതിയുടെ കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലേക്ക് ഒരുമിച്ച് താമസം മാറുകയായിരുന്നു. തുടക്കത്തിൽ, നല്ല ബന്ധം പുലർത്തിയിരുന്നെങ്കിലും കൃത്യം നടന്ന താമസ സ്ഥലത്തേക്ക് മാറിയതിന് ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.