ഛണ്ഡീഗഡ് : പഞ്ചാബ് കപൂര്‍ത്തലയില്‍ ഒരു സംഘം നിഹാംഗുകള്‍ (പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിക്കുന്ന സിഖുകാര്‍) നടത്തിയ വെടിവയ്പ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു (Shootout at Punjab gurdwara cop killed). ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഗുരുദ്വാരയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് സംഘര്‍ഷം.
നിഹാംഗുകള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സുല്‍ത്താന്‍പൂര്‍ ലോധിയില് എത്തിയപ്പോഴാണ് സംഭവം. റോഡില്‍ നില്‍ക്കുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ നിഹാംഗുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് കപൂര്‍ത്തല പൊലീസ് സൂപ്രണ്ട് തേജ്ബീര്‍ സിങ് ഹുണ്ടന്‍ പറഞ്ഞു (Nihangs open fire Punjab gurdwara). കോണ്‍സ്റ്റബില്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വന്‍ െപാലീസ് സന്നാഹമാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. 10 ഓളം അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 നിഹാംഗുകള്‍ ഗുരുദ്വാരയ്ക്കുള്ളില്‍ ഉണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം.
അടുത്തിടെയാണ് അലിഗഡ് മുസ്ലിം സര്‍വകലാശാല കാമ്പസില്‍ വെടിവയ്പ്പുണ്ടായത്. സര്‍വകലാശാലയുടെ സില്‍വര്‍ ലൈന്‍ കാമ്പസിലെ ഹോസ്റ്റലിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. നവംബര്‍ മൂന്നിന് പുലര്‍ച്ചെ ആയിരുന്നു സംഭവം.
മൊറാദാബാദ് ജൈത്വാര സ്വദേശിയായ റെഹാന് എന്ന വിദ്യാര്‍ഥിക്കാണ് വെടിവയ്പ്പില്‍ പരിക്കേറ്റത്. പ്രഭാത ഭക്ഷണത്തിനായി ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെയാണ് റെഹാന് വെടിയേറ്റത്. കാലിലായിരുന്നു വിദ്യാര്‍ഥിക്ക് പരിക്ക്. വെടിവച്ചത് ആരാണെന്നോ എവിടെ നിന്നാണെന്നോ കണ്ടെത്താനായിരുന്നില്ല. അപ്രതീക്ഷിതമായി കാമ്പസില്‍ വെടിയൊച്ച മുഴങ്ങുകയായിരുന്നു.
പരിക്കേറ്റ റെഹാന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിച്ചിരുന്നു. വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ജെഎല്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അലിഗഡ് സര്‍വകലാശാല കാമ്പസിലെ വെടിവയ്പ്പിന് പിന്നാലെ, സംഭവത്തില്‍ പൊലീസ് അതിവേഗം പ്രവര്‍ത്തിച്ചതായി അലിഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് കലാ നിധി നൈതാനി പ്രതികരിച്ചു. സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വെളിച്ചത്ത് കൊണ്ടുവരാനും വെടിവയ്പ്പിന് പിന്നിലുള്ളവരെ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അലിഗഡ് മുസ്ലിം സര്‍വകലാശാല (എഎംയു) ഭീകരതയുടെ വിളനിലമാണെന്ന് പ്രതികരിച്ചുകൊണ്ട് ബിജെപി നേതാവ് താക്കൂര്‍ രഘുരാജ് സിങ് രംഗത്തെത്തി ദിവസങ്ങള്‍ക്കകമാണ് കാമ്പസില്‍ വെടിവയ്പ്പ് ഉണ്ടായത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്ന് താക്കൂര്‍ ആരോപിച്ചു.