കന്യാകുമാരി (തമിഴ്‌നാട്) : കൊളച്ചലിൽ കണ്ണൻ കൊഴിയാള ചാകര. കൊളച്ചലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് കണ്ണൻ കൊഴിയാളയുടെ വൻ ശേഖരമാണ് വലയിൽ കുടുങ്ങിയത്. കിലോഗ്രാമിന് 20 രൂപയ്‌ക്കാണ് ഇവിടെ മത്സ്യം വിറ്റത്.
കണ്ണൻ കൊഴിയാളയ്ക്ക് തമിഴ്‌നാട്ടിൽ അത്ര പ്രചാരമില്ലെങ്കിലും തെക്കൻ കേരളത്തിൽ മത്സ്യത്തിന് പ്രിയം ഏറെയാണ്. ചാകരയുടെ വാർത്ത വന്നതോടെ കേരളത്തിൽ നിന്നുള്ള നിരവധി വ്യാപാരികളാണ് കൊളച്ചൽ മത്സ്യഹാർബറിലേക്ക് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇത് മത്സ്യത്തൊഴിലാളികൾക്ക് വില്‍പ്പന കൂടാന്‍ സഹായകമായി.
കൊളച്ചൽ, തേങ്ങാപട്ടണം മേഖലകളിലായി ആയിരത്തോളം ബോട്ടുകളാണ് ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും ട്രോളിങ് നിരോധനവും മൂലം മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ മൂന്ന് മാസമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു. കഴിഞ്ഞയാഴ്‌ച വീണ്ടും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ വൻതോതിൽ അയല മത്സ്യവുമായാണ് മടങ്ങിയത്.
എന്നാൽ മത്സ്യം ധാരാളമായി ലഭിച്ചതോടെ സാധാരണ 100 രൂപയ്ക്ക് മുകളിൽ വിൽക്കുന്നത് ഇപ്രാവശ്യം 20 രൂപയ്ക്ക് വരെ വിൽക്കേണ്ടിവന്നു. ട്രോളിങ് നിരോധനത്തിനും മഴയെ തുടർന്നുള്ള വിലക്കിനും ശേഷം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ പ്രതീക്ഷകൾക്ക് ഇത് വീണ്ടും മങ്ങലേൽപ്പിച്ചിരിക്കുകയാണ്.