ശിവമോഗ : വനത്തിനുള്ളില്‍ ബോധരഹിതനായ ഉടമയെ വളര്‍ത്തുനായ രക്ഷിച്ചു. ശിവമോഗ ജില്ലയിലെ സുഡുരു ഗ്രാമത്തിലാണ് സംഭവം. ആയന്നൂര്‍ ടൗണിലെ ക്യാന്‍റീനില്‍ ജോലി ചെയ്യുന്ന ശേഖരപ്പയെന്ന 55കാരനാണ് വളര്‍ത്തുനായയായ ടോമി രക്ഷിച്ചത്.
ജോലിക്ക് പോകുന്നതിന് മുന്‍പായി എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് ശേഖരപ്പ ഗ്രാമത്തിന് അടുത്തുള്ള വനത്തില്‍ വിറക് ശേഖരിക്കാന്‍ പോകാറുണ്ട്. രണ്ട് മണിക്കൂറിന് ശേഷം കാട്ടില്‍ നിന്നും മടങ്ങിയെത്തി പ്രാതല്‍ കഴിച്ചതിന് ശേഷമാണ് ദിവസവും ജോലിക്ക് പോകാറുള്ളത്. എന്നാല്‍ നവംബർ 12ന് വനത്തിനുള്ളിലേയ്ക്ക് പോയ ശേഖരപ്പ മണിക്കൂറുകള്‍ പിന്നിട്ടിട്ടും മടങ്ങിയെത്തിയില്ല.
തുടര്‍ന്ന് ഇയാളുടെ മകള്‍ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസികള്‍ ചേര്‍ന്ന് ശേഖരപ്പയ്‌ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്‌തു. ഇവര്‍ക്കൊപ്പം പോയ നായയാണ് ബോധരഹിതനായി കാട്ടില്‍ വീണുകിടന്ന ഉടമയെ കണ്ടെത്തിയത്. ശേഖരപ്പയെ കണ്ടതോടെ നായ നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. ശബ്‌ദം കേട്ടാണ് നാട്ടുകാര്‍ ശേഖരപ്പയെ കണ്ടെത്തുന്നത്.
തുടർന്ന് നാട്ടുകാര്‍ ചേര്‍ന്ന് ശേഖരപ്പയെ റിപ്പന്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തോളമായി വീട്ടില്‍ വളര്‍ത്തുന്ന നായയാണ് ടോമി എന്ന് ആശുപത്രി വിട്ട ശേഖരപ്പ പറഞ്ഞു. നായയുടെ സ്‌നേഹം താന്‍ ഒരിക്കലും മറക്കില്ലെന്നും ശേഖരപ്പ കൂട്ടിച്ചേർത്തു.