ബെംഗളൂരു: വരകളാലും ചായങ്ങളാലും ചുവരുകളെ മനോഹരമാക്കാനും ഒപ്പം ആശയങ്ങൾ പങ്കു വയ്‌ക്കാനും കഴിയുന്നവയാണ് ചുമര്‍ ചിത്രങ്ങൾ. ഇത്തരം ചുമർചിത്രങ്ങളാൽ മനോഹരമായി തീർന്നിരിക്കുകയാണ് കർണാടകയിലെ ശിവമോഗ നഗരസഭാ പരിധിയിലെ പൊതു ചുമരുകൾ.
ശിവമോഗയില്‍ പൊതു ഇടങ്ങളിലെ ചുമരുകളെല്ലാം വളരെ നാളുകളായി നോട്ടീസുകളും പോസ്റ്ററുകളും പതിച്ച് വികൃതമാക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഇത് ഈ പ്രദേശത്തെ സ്‌മാർട്ട് സിറ്റി എന്ന ആശയത്തെയും മങ്ങലേൽപ്പിച്ച് തുടങ്ങിയിരുന്നു. എന്നാൽ ഈ ചുമരുകളിൽ സുന്ദരമായ ചിത്രങ്ങൾ വരച്ച് കാഴ്‌ചക്കാരെ ആകൃഷ്‌ടരാക്കാനൊരുങ്ങുകയാണ് ശിവമോഗ നഗരസഭ അധികൃതര്‍. 52.2 ലക്ഷം രൂപ ചെലവഴിച്ച് സര്‍ക്കാര്‍ സമുച്ചയങ്ങളിലെ ചുറ്റുമതിലുകൾ ചുമര്‍ ചിത്രങ്ങളാൽ സുന്ദരമാക്കാനാണ് കോര്‍പ്പറേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനായി നഗരസഭയും കർണാടക ചിത്രകലാ പരിഷത്തും കൈ കോർത്തു കഴിഞ്ഞു. മനോഹരമായ ഈ ചിത്രങ്ങൾ ഇന്ന് സര്‍ക്കാര്‍ സമുച്ചയങ്ങളുടെ ചുറ്റുമതിലുകള്‍ക്ക് പുതിയ ഒരു ഭാവം തന്നെ നൽകിയിരിക്കുകയാണ്. സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളെ കുറിച്ചുള്ള സന്ദേശങ്ങളാണ് ഓരോ ചിത്രങ്ങളും സൂചിപ്പിക്കുന്നത്.
സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ശിവമോഗ നഗരസഭ ഇത്തരമൊരു ആശയവുമായി മുന്നോട്ടെത്തിയിരിക്കുന്നത്. പൊലീസ്, വന്യജീവി വകുപ്പ്, സ്വച്ഛഭാരത് തുടങ്ങി നിരവധി ആശയങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ ഇവിടെയുള്ള ചുമരുകളെ അലങ്കരിക്കുന്നു. അതോടൊപ്പം സംസ്ഥാനത്തിന്‍റെ സംസ്‌കാരവും കലയും പ്രതിഫലിപ്പിക്കുന്ന ഈ ചിത്രങ്ങൾ ജനങ്ങളെ ആകർഷിക്കുകയും ചെയ്യുന്നു. ശിവമോഗ ജില്ലയിലുള്ള പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ജനങ്ങളിൽ വളരെ സന്തോഷം ഉണ്ടാക്കുന്നു. നഗരസഭയുടെ പുതിയ ആശയങ്ങളിൽ സന്തോഷിക്കുന്ന ജനങ്ങൾ നഗരസഭയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
ശിവമോഗയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുറ്റുമതിലുകളെ ആകർഷകമാക്കി തീർത്തിരിക്കുകയാണ് വിവിധ ആശയങ്ങൾ ഉൾപ്പെടുത്തി വരച്ചിരിക്കുന്ന ചുമർചിത്രങ്ങൾ. വരും ദിവസങ്ങളില്‍ കൂടുതൽ ചിത്രങ്ങളാൽ പൊതു ചുമരുകൾ മനോഹരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.