ബെംഗളൂരു: ശിവമോഗ വിമാനത്താവളത്തിന്‍റെ നിര്‍മാണം 2022 ജൂണില്‍ പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയതായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ബെംഗളൂരു വിമാനത്താവളത്തിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് ശിവമോഗ വിമാനത്താവളം ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവള നിര്‍മാണ ജോലിയുടെ പുരോഗതി അവലോകനം ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ശിവമോഗയില്‍ നിന്നും 12 കിലോമീറ്റർ അകലെയുള്ള സോഗെൻ ഗ്രാമത്തിലാണ് അവലോകന യോഗം നടന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തി പ്രവർത്തനങ്ങൾ അതിവേഗം നടത്തിവരികയാണെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളം സാധ്യമാകുന്നതോടെ മധ്യ കര്‍ണാടക ജില്ലകളില്‍ വളരെയധികം വികസനം പ്രതീക്ഷിക്കുന്നുണ്ടെന്നും ശിവമോഗ ജില്ലയുടെ സമഗ്ര വികസനത്തിനും കൂടുതൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ വിമാനത്താവളം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. റൺവേ, ലിങ്ക് റോഡുകൾ, ഇട റോഡുകൾ എന്നിവയുടെ പണി പുരോഗമിക്കുകയാണെന്നും കോമ്പൗണ്ട് നിർമാണ പ്രവർത്തനങ്ങളാണ് കൂടുതലും പൂർത്തിയായതെന്നും 15,900 മീറ്റർ കോമ്പൗണ്ട് ജോലികളിൽ 11,500 മീറ്റർ പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.
Also read: കൊവിഡ് അനുബന്ധ വസ്‌തുക്കൾക്ക് നികുതി ഇളവ് വരുത്താൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം
വിമാനത്താവളത്തിന്‍റെ കെട്ടിട രൂപകൽപ്പനയും അദ്ദേഹം അവലോകന യോഗത്തില്‍ അനാച്ഛാദനം ചെയ്‌തു. 384 കോടി രൂപ മുതല്‍മുടക്കിലാണ് വിമാനത്താവളം പണികഴിപ്പിക്കുന്നത്. ശിവമോഗയിലെ ശിക്കരിപുര നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യെദ്യൂരപ്പയുടെ രാഷ്ട്രീയ തട്ടകം കൂടിയാണ് ശിവമോഗ. മകൻ ബി.വൈ രാഘവേന്ദ്ര ശിവമോഗയിൽ നിന്നുള്ള എംപിയാണ്.