ചണ്ഡിഗഡ് : ബിജെപിയുമായി വീണ്ടും ഒരുമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ശിരോമണി അകാലിദൾ. ചണ്ഡിഗഡില്‍ അവസാനിച്ച കോർ കമ്മിറ്റി യോഗത്തിൽ സഖ്യ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളൊന്നും നടന്നില്ലെന്നാണ് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദലും പാർട്ടി നേതാവ് ദൽജിത് ചീമയും വ്യക്തമാക്കിയിരിക്കുന്നത്.
ശിരോമണി അകാലിദളിന്‍റെ ചണ്ഡിഗഡ് ഓഫിസിലായിരുന്നു യോഗം. എല്ലാ മാസവും നടക്കുന്ന പാർട്ടിയുടെ ഔപചാരിക യോഗം മാത്രമാണിതെന്നായിരുന്നു പാർട്ടി അധ്യക്ഷൻ സുഖ്ബീർ ബാദലിന്‍റെ പ്രതികരണം. ബിജെപിയുമായി അകാലിദൾ സഖ്യമുണ്ടാക്കുന്ന കാര്യം മാധ്യമങ്ങള്‍ മാത്രമാണ് ചർച്ച ചെയ്‌തതെന്നും പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം അജണ്ടയായിരുന്നില്ലെന്നും സുഖ്ബീർ ബാദൽ പറഞ്ഞു.
അകാലിദളിന്‍റെ കോർ കമ്മിറ്റിയുടെയും വിവിധ ഭാരവാഹികളുടെയും യോഗത്തിന് ശേഷം പാർട്ടി മുതിർന്ന നേതാവ് ദൽജിത് സിങ് ചീമയും ബിജെപി സഖ്യ സാധ്യത നിരാകരിച്ചു. ബിജെപിയുമായി ഒരു ധാരണയ്ക്കും ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി തീരുമാനമെടുക്കാത്ത കാര്യത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ വാർത്തകൾ നൽകരുതെന്നുമാണ് ദൽജിത് സിങ് ചീമ പറഞ്ഞത്.
സർക്കാരിന്‍റെ വാഗ്‌ദാന ലംഘനത്തെക്കുറിച്ച് സംസ്ഥാനത്തെങ്ങും പ്രചാരണം നടത്തും. പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ നിയമസഭ മണ്ഡലങ്ങൾ സന്ദർശിച്ച് പഞ്ചാബ് സർക്കാരിന്‍റെ വീഴ്‌ചകളെക്കുറിച്ച് ജനങ്ങളോട് പറയും. പാര്‍ട്ടി അധ്യക്ഷന്‍റെ പരിപാടിക്ക് കോര്‍ കമ്മിറ്റി യോഗം അന്തിമ രൂപം നല്‍കി. പാർലമെന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും കോർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്‌തു.
ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചർച്ച : ഏകീകൃത വ്യക്തി നിയമം ഗൗരവമേറിയ വിഷയമാണെന്നും കരട് നിയമത്തിന്‍റെ എല്ലാ വശങ്ങളും പഠിച്ച് നിയമ വിദഗ്‌ധരുമായും ബുദ്ധി ജീവികളുമായും കൂടിയാലോചിച്ച് അകാലി ദളിന്‍റെ നയം തയാറാക്കാന്‍ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഭേദഗതി ചെയ്‌ത ബിൽ നിരസിച്ചു : മതപരമായ കാര്യങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്ന വിഷയവും അകാലിദൾ കോര്‍ കമ്മിറ്റി ചർച്ച ചെയ്‌തു. 1925 ലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിൽ പഞ്ചാബ് സർക്കാർ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ പഞ്ചാബ് ഗവർണറെ കണ്ട് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഎസ്‌പിയുമായുള്ള അകാലിദൾ സഖ്യം : പുതിയ സഖ്യം സംബന്ധിച്ച് ബിജെപിയുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് സുഖ്ബീർ സിങ് ബാദൽ ആവര്‍ത്തിക്കുമ്പോഴും അണിയറയില്‍ നീക്കങ്ങള്‍ സജീവമാണെന്നാണ് സൂചനകള്‍. അടുത്തിടെ നടന്ന യോഗത്തില്‍ അകാലിദള്‍ നേതാക്കളില്‍ വലിയൊരു വിഭാഗം ബിജെപി സഖ്യത്തിനുവേണ്ടി വാദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മുതിര്‍ന്ന പാർട്ടി പ്രവർത്തകരുമായി സുഖ്ബീർ സിങ് ബാദൽ ഇക്കാര്യം ചർച്ച ചെയ്യുന്നതായും സൂചനയുണ്ട്. സഖ്യം പിരിയുന്നതിന് മുമ്പ് ആകെയുള്ള 13 ലോക് സഭ സീറ്റില്‍ പത്തിടത്ത് അകാലിദളും മൂന്നില്‍ ബിജെപിയുമായിരുന്നു മത്സരിച്ചിരുന്നത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇരു കക്ഷികളും 2 സീറ്റുവീതം നേടിയിരുന്നു.
2024 ല്‍ അകാലിദള്‍ 8ഉം ബിജെപി 5ഉം സീറ്റുകളിൽ മത്സരിക്കാന്‍ ധാരണയായതായും അതിനിടയില്‍ തന്നെ കേന്ദ്ര മന്ത്രിസഭയിൽ സുഖ്ബീര്‍ ബാദല്‍ കൃഷിമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാൽ പുതിയ സഖ്യം സംബന്ധിച്ച് ബിജെപിയുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സഖ്യം തീരുമാനിക്കേണ്ടത് പാർട്ടികൾ ആണെന്നും തങ്ങളുടെ സഖ്യം ബിഎസ്‌പിയുമായാണെന്നുമാണ് സുഖ്ബീർ ബാദൽ വ്യക്‌തമാക്കിയിരിക്കുന്നത്.
2020 സെപ്റ്റംബറിൽ സഖ്യം പിരിയുന്നതിന് മുമ്പ്, പഞ്ചാബിലെ 117 വിധാൻസഭ സീറ്റുകളിൽ 23 ലും, 13 ലോക്‌സഭ സീറ്റുകളിൽ മൂന്നിലും ബിജെപി മത്സരിച്ചിരുന്നു. 94 നിയമസഭ സീറ്റുകളിലും, 10 ലോക്‌സഭ സീറ്റുകളിലും അകാലിദളും മത്സരിച്ചിരുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യം പിരിഞ്ഞ് മത്സരിച്ച എസ്എഡി കേവലം മൂന്നും, ബിജെപി രണ്ടും സീറ്റുകളാണ് നേടിയത്. അതിനുമുമ്പ്, 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ അവർ രണ്ട് സീറ്റുകൾ വീതം നേടിയിരുന്നു.
എസ്എഡി- ബിജെപി സഖ്യം ഉണ്ടാകുമോ : പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ്ങിന്‍റെ മരണത്തിന് ശേഷമാണ് ബിജെപി സഖ്യം വീണ്ടും വിളക്കിച്ചേര്‍ക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. പ്രകാശ് സിങ് ബാദലിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദി തന്നെ ചണ്ഡിഗഡിലെ പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു.
ബാദലിന്‍റെ ഭോഗ് പരിപാടിയിൽ മുതിർന്ന ബിജെപി നേതാക്കൾ പങ്കെടുത്തത് മുന്‍ സഖ്യ കക്ഷികള്‍ തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാന്‍ കാരണമായി. പരസ്യമായി സഖ്യ ചര്‍ച്ച നടന്നെന്ന് നേതാക്കള്‍ സ്ഥിരീകരിക്കുന്നില്ലെങ്കിലും ലഭിക്കുന്ന സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് അകാലിദള്‍ വീണ്ടും കേന്ദ്രമന്ത്രി സഭയിലേക്ക് എത്തുമെന്ന് തന്നെയാണ്.