ലഖ്നൗ: 62 വയസായി. അതിരാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കും. തണുപ്പും വെയിലും ഒന്നും ഷീലാ ദേവിക്ക് പ്രശ്നമല്ല. കാരണം ഷീല ദേവിക്ക് ഇത് അതിജീവനമാണ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോൾ ഷീല ദേവിയുടെ ഭർത്താവ് മരിച്ചു. അപ്രതീക്ഷിത തിരിച്ചടിയില്‍ തളർന്നിരിക്കാൻ ഉത്തരപ്രദേശിലെ കസ്‌ഗഞ്ച് ജില്ലയിലെ സഹവര്‍ തെഹസ് ഖേദാ സ്വദേശിയായ ഷീല ഒരുക്കമായിരുന്നില്ല. ഭര്‍ത്താവിന്‍റെ മരണശേഷം ഷീല തന്‍റെ സ്വദേശമായ ഖേദാ ഗ്രാമത്തിലെക്ക് മടങ്ങി പോയി. അവരുടെ അച്ഛന്‍റെ കൈവശമുള്ള പാടത്ത് കൃഷി ചെയ്ത് ജീവിക്കാൻ ആരംഭിച്ചു. പക്ഷേ അതിനിടെ അച്ഛനും അമ്മയും മരിച്ചത് അവരെ വീണ്ടും സങ്കടത്തിലാക്കി. രക്ഷിതാക്കളുടെ മരണത്തോടെ വരുമാനം കണ്ടെത്തുന്നതിന് വേണ്ടി അവര്‍ ഏതാനും എരുമകളെ വാങ്ങി അതിന്‍റെ പാല്‍ വിറ്റ് ജീവിതം ആരംഭിച്ചു.
നാല് മണിക്ക് എഴുന്നേറ്റ് കന്നുകാലികളെ പരിപാലിച്ച് മറ്റ് വീടുകളിൽ നിന്നും പാൽ വാങ്ങി തന്‍റെ സൈക്കിളിൽ വെച്ച് കെട്ടി അവർ ആദ്യം പോകുന്നത് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അമാപൂര്‍ പട്ടണത്തിലേക്കാണ്. പാൽ വിറ്റ് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തുന്ന ഷീല വല്യമ്മ ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം പാകം ചെയ്ത് കഴിച്ച് വിശ്രമിക്കും. തുടർന്ന് നാല് മണിയോടെ പതിവ് ജോലികൾക്കായി വീടുവിട്ടിറങ്ങും. എരുമകളെ കറക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും എല്ലാം ഷീലാ ദേവി തന്നെയാണ്. എല്ലാ ജോലികളും കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തുന്നത് രാത്രി എഴ് മണിക്കാണ്. വിശ്രമത്തിന് ശേഷം രാവിലെ വീണ്ടും തന്‍റെ പതിവ് ജോലികൾ ചെയ്യും.
കഴിഞ്ഞ 22 വര്‍ഷമായി തന്‍റെ ഗ്രാമത്തിലും മറ്റ് ഗ്രാമങ്ങളിലുമായി പാല്‍ വിറ്റാണ് ഷീല ജീവിക്കുന്നത്. ഇന്ന് അവർ സ്വയം പര്യാപ്തയാണ്. ആര്‍ക്ക് മുന്നിലും ഇന്നുവരെ അവര്‍ കൈനീട്ടിയിട്ടില്ല. ഈ പ്രായത്തിലും ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഷീല ദേവിയോടുള്ള സ്‌നേഹവും അടുപ്പവും മൂലം ഗ്രാമവാസികള്‍ അവരെ ഷീല വല്ല്യമ്മ എന്നാണ് വിളിക്കുന്നത്. ഈ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജില്ല മജിസ്‌ട്രേറ്റും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഷീല ദേവി.