സല്‍മാന്‍ ഖാന്‍ ചിത്രം 'കിസി കാ ഭായ് കിസി കി ജാൻ' സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ ബോളിവുഡ് താരം ഷെഹ്‌നാസ് ഗിൽ. സിനിമയുടെ പ്രചരണാർഥം 'കിസി കാ ഭായ് കിസി കി ജാൻ' അഭിനേതാക്കള്‍ക്കൊപ്പം ഷെഹ്‌നാസ് ഗില്‍ അടുത്തിടെ 'ദി കപിൽ ശർമ ഷോ'യിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷോയിൽ സല്‍മാന്‍ ഖാനെ കുറിച്ചുള്ള ഷെഹ്‌നാസ് ഗില്ലിന്‍റെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
സൽമാൻ ഖാന്‍റെ കോൺടാക്‌ട് നമ്പർ ബ്ലോക്ക് ചെയ്‌തതിനെ കുറിച്ച് ഷെഹ്‌നാസ് ഗില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 'കിസി കാ ഭായ് കിസി കി ജാനി'ലെ തന്‍റെ വേഷം വാഗ്‌ദാനം ചെയ്യുന്നതിന് മുമ്പ് തന്നെ താന്‍ സല്‍മാന്‍ ഖാന്‍റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്‌തതായി ഷെഹ്‌നാസ് പറഞ്ഞു.
'ഞാൻ അമൃത്സറിൽ എത്തി അവിടെ നിന്നും ഗുരുദ്വാരയിലേക്ക് പോകുമ്പോൾ ഒരു അജ്ഞാത നമ്പറിൽ നിന്നും എനിക്ക് ഒരു കോൾ വന്നു. പരിചയമില്ലാത്ത കോളുകളെ ബ്ലോക്ക് ചെയ്യുന്ന ശീലമുണ്ട് എനിക്ക്. അതിനാൽ ഉടൻ തന്നെ ഞാന്‍ ആ നമ്പർ ബ്ലോക്ക് ചെയ്‌തു. കുറച്ച് സമയത്തിന് ശേഷം, സൽമാൻ സർ എന്നെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു.
സംഭവം ഉറപ്പിക്കാനായി ട്രൂ കോളർ ആപ്പിൽ കയറി ആ നമ്പര്‍ സെര്‍ച്ച് ചെയ്‌ത് നോക്കി. ഒടുവില്‍ അത് സൽമാൻ സറിന്‍റ നമ്പർ തന്നെയാണെന്ന് ഞാൻ കണ്ടെത്തി. തുടർന്ന് ഞാൻ അദ്ദേഹത്തെ അൺബ്ലോക്ക് ചെയ്‌തു. അദ്ദേഹത്തിന്‍റെ നമ്പർ ഡയൽ ചെയ്യുകയും ചെയ്‌തു. അതിന് ശേഷം അദ്ദേഹം എനിക്ക് ഈ സിനിമയില്‍ വേഷം വാഗ്‌ദാനം ചെയ്‌തു. അങ്ങനെയാണ് ഞാൻ ഈ സിനിമയിലെത്തിയത്' -ഷെഹ്‌നാസ് ഗില്‍ പറഞ്ഞു.
സൽമാൻ ഖാൻ നായകനായെത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. ഷെഹ്‌നാസ് ഗില്ലിനെ കൂടാതെ പാലക് തിവാരി, ജാസി ഗിൽ, രാഘവ് ജുയൽ, വിനാലി ഭട്‌നാഗർ, സിദ്ധാർഥ് നിഗം, സുഖ്ബീർ എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഷെഹ്‌നാസ് ഗില്ലിന്‍റെയും പാലക് തിവാരിയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ചിത്രത്തിലെ 'യെന്‍റമ്മ' എന്ന ഗാനത്തിൽ 'ആർആർആർ' താരം രാം ചരണും അതിഥി വേഷത്തിലെത്തുന്നുണ്ട്.
ഒരു മ്യൂസിക് വീഡിയോയില്‍ നിന്ന് തന്നെ നിരസിച്ചതിനെ കുറിച്ചും ഷെഹ്‌നാസ് ഗില്‍ മനസ് തുറന്നു. 'എന്‍റെ ആദ്യ മ്യൂസിക് വീഡിയോയുടെ സെറ്റിലേക്ക് പോയപ്പോൾ എന്നെ അതില്‍ നിന്നും നിരസിക്കുകയായിരുന്നു. ഞങ്ങൾ അവളോടൊപ്പം ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ഞാൻ തിരികെ വീട്ടിൽ വന്ന് ഒരുപാട് കരഞ്ഞു. നിരസിക്കപ്പെട്ടതായി തോന്നി. അമ്മ എന്നോട് പറഞ്ഞു, 'നീ എന്തിനാ കരയുന്നെ... ഒരു ദിവസം നീ സൽമാൻ ഖാന്‍റെ സിനിമയിൽ വരും'.
സൽമാൻ സാർ എനിക്കൊരു അവസരം തന്നു. അമ്മയുടെ പ്രവചനങ്ങൾ എപ്പോഴും കൃത്യമാണെന്ന് തെളിയിച്ചു' -ഷെഹ്‌നാസ് പറഞ്ഞു. 'കിസി കാ ഭായ് കിസി കി ജാൻ' ഈദ് റിലീസായി ഏപ്രിൽ 21നാണ് തിയേറ്ററുകളില്‍ എത്തുക. സൽമാൻ ഖാൻ ഫിലിംസ് പ്രൊഡക്ഷൻ കമ്പിയുടെ ബാനറില്‍ സൽമാന്‍ ഖാൻ തന്നെയാണ് സിനിമയുടെ നിര്‍മാണം.