ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നിഷ്‌പക്ഷ വേദിയിലായിരിക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രസ്താവനയിൽ അറിയിച്ചു. 2024-2027 കാലയളവിൽ ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റുകളിൽ ഇരുരാജ്യങ്ങളുടേയും മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടക്കുമെന്ന് ഐസിസി അറിയിച്ചു.
എന്നാൽ ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏത് രാജ്യത്താണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുകയെന്നത് വ്യക്തമല്ല. ദുബായിയുടെയും കൊളംബോയുടെയും പേരുകൾ മുന്നിൽ നിൽക്കുന്ന ന്യൂട്രൽ ലൊക്കേഷനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. ഇന്ത്യ ഫൈനലിൽ എത്തിയാൽ ഫൈനൽ ഒരു ന്യൂട്രൽ വേദിയിൽ നടക്കും. എന്നാൽ ഫൈനലിൽ എത്തിയില്ലെങ്കിൽ മത്സരം ലാഹോറിൽ നടക്കും.
JUST IN: ICC issues update on Champions Trophy 2025 venue.
— ICC (@ICC) December 19, 2024
Details 👇https://t.co/aWEFiF5qeS
ഇന്ത്യ vs പാകിസ്ഥാന്‍ മത്സരം എപ്പോൾ നടക്കും?
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2025 ഫെബ്രുവരി 23 ന് ഒരു നിഷ്പക്ഷ വേദിയിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. കൊളംബോയിലും ദുബായിലുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഐസിസി പരിഗണിക്കുന്നുണ്ട്. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക.
അതേസമയം ടൂർണമെന്‍റിന്‍റെ ഷെഡ്യൂൾ വരും ദിവസങ്ങളിൽ സ്ഥിരീകരിക്കുമെന്ന് ഐസിസി അറിയിച്ചു. ആതിഥേയരായ പാകിസ്ഥാനോടൊപ്പം അഫ്‌ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ട് ടീമുകള്‍ പങ്കെടുക്കും.
2017ൽ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 180 റൺസിന് തോൽപ്പിച്ച പാകിസ്ഥാൻ ടൂർണമെന്‍റിലെ നിലവിലെ ചാമ്പ്യന്മാരാണ്. ഈ വർഷമാദ്യം ന്യൂയോർക്കിൽ നടന്ന ടി20 ലോകകപ്പിലാണ് ഇരു ടീമുകളും അവസാനമായി പരസ്പരം ഏറ്റുമുട്ടിയത്. അതിൽ ഇന്ത്യ ആറ് റൺസിന് വിജയിച്ചു.
രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ ഇന്ത്യയും പാകിസ്ഥാനും ലോകകപ്പും ഏഷ്യാ കപ്പും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമാണ് പരസ്പരം കളിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര നടന്നത് 2012-13ലാണ്, പാകിസ്ഥാൻ അഞ്ച് മത്സരങ്ങളുടെ വൈറ്റ്-ബോൾ പരമ്പരയ്ക്കായി ഇന്ത്യയിൽ പര്യടനം നടത്തിയിരുന്നു.