ഗ്വാളിയോര്‍ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ശൗര്യ (Shaurya death Kuno National Park) എന്ന നമീബിയന്‍ ചീറ്റ ചത്തു. കഴിഞ്ഞ ദിവസം ശൗര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. ഇതുവരെ കുനോ ദേശീയോദ്യാനത്തില്‍ പത്ത് ചീറ്റകളാണ് ചത്തത്(Namibian cheetah dies at kuno). ഇതില്‍ ഏഴെണ്ണം വലിയ ചീറ്റകളായിരുന്നു. മൂന്ന് കുഞ്ഞുങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. ശൗര്യ ചത്തതായി ഇന്നലെ പുലര്‍ച്ചെ 3.17നാണ് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചത്.
നമീബിയയില്‍ നിന്നെത്തിച്ച ആശ എന്ന പെണ്‍ ചീറ്റ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് പാല്‍പൂര്‍-കുനോ വന്യജീവി സങ്കേതത്തിലെ ചീറ്റ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം സന്തോഷം നല്‍കിയിരുന്നു. പുത്തന്‍ കുഞ്ഞ് അതിഥികളുടെ വരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കുനോ ദേശീയോദ്യാനത്തില്‍ മൂന്ന് പുതിയ അതിഥികള്‍ എത്തിയിരിക്കുന്നു. ആശ എന്ന നമീബിയന്‍ ചീറ്റയ്ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നിരിക്കുന്നു. രാജ്യത്ത് നടപ്പാക്കിയ ചീറ്റ പദ്ധതി വന്‍ വിജയമായെന്ന് അവകാശപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും ചെയ്‌തു.
നിലവില്‍ പതിമൂന്ന് മുതിര്‍ന്ന ചീറ്റകളും നാല് കുഞ്ഞുങ്ങളുമാണ് കുനോ ദേശീയോദ്യാനത്തില്‍ ഉള്ളത്. പത്താമത്തെ ദൗര്‍ഭാഗ്യകരമായ ജീവനഷ്‌ടമാണ് ശൗരിയുടേത്. അണുബാധ, ഹൃദയാഘാതം, ഇണചേരുന്നതിനിടെയുണ്ടായ മാരകമായ ആക്രമണങ്ങള്‍ എന്നിവയാണ് നേരത്തെ മറ്റ് ചീറ്റകളുടെ മരണത്തിലേക്ക് നയിച്ചത്. വൃക്കയിലെ അണുബാധ, ഹൃദയാഘാതം, മുറിവുകള്‍ എന്നിവ മരണത്തിലേക്ക് നയിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
പത്ത് ചീറ്റകളുടെ ജീവന്‍ നഷ്ടമായതുകൊണ്ട് തന്നെ മേഖലയില്‍ ഇവയുടെ സംരക്ഷണം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ശൗര്യയുടെ മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചീറ്റകളുടെ സംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനാകും.
കഴിഞ്ഞ സെപ്റ്റംബറിലാണ് എട്ട് നമീബിയന്‍ ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടത്. ഇന്ത്യയിലെ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചതിനെ തുടര്‍ന്നാണ് ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് ചീറ്റകളെ എത്തിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്. ചീറ്റകള്‍ക്ക് വസിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളാണ് ഇന്ത്യയിലുള്ളതെന്ന വിലയിരുത്തലുണ്ടായിരുന്നു. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ചീറ്റകളെത്തിയത്. ഇവയെ ഹെലികോപ്റ്ററിലാണ് എത്തിച്ചത്.