തിരുവനന്തപുരം : കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ 'ട്രെയിനി' പരാമർശത്തിന് മറുപടിയുമായി ശശി തരൂർ. '46 വർഷം പ്രവർത്തിച്ച ഒരു ട്രെയിനി എന്ത് ചെയ്യാൻ' എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം. സുധാകരന്‍റെ പരാമർശത്തിൽ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂർ സംഘടനാപരമായി ട്രെയിനിയാണെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. വോട്ട് ചെയ്യാൻ വേണ്ടിയാണ് തലസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്തിന്‍റെ പ്രതിനിധിയായി വോട്ട് ചെയ്യുമെന്നും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 100ന് മുകളിൽ വോട്ട് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 90 ശതമാനം നേതാക്കളോട് മാത്രമാണ് വോട്ടുതേടാനായത്. 16 ദിവസം പ്രചാരണം നന്നായി നടന്നു. നേതാക്കൾ ഒരാൾക്ക് വേണ്ടി വോട്ട് ചോദിച്ചത് ശരിയായില്ലെന്നും ചിലർ അങ്ങനെ ചെയ്‌തുവെന്നും അദ്ദേഹം വിമർശിച്ചു.
ഖാർഗെയ്ക്കുവേണ്ടി മാത്രം ചില സംസ്ഥാനങ്ങൾ പ്രവർത്തിച്ചു. നേതാക്കൾ പലരും കാണാൻ കൂട്ടാക്കിയില്ല. എല്ലാ സംസ്ഥാനത്തും പ്രചാരണം ഫ്രീ ആൻഡ് ഫെയർ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽദോസ് കുന്നപ്പിള്ളിലിനോട് സംസാരിച്ചിട്ടില്ല. അദ്ദേഹം വോട്ട് ചെയ്യാൻ വരുമോയെന്നറിയില്ലെന്നും ശശി തരൂർ പറഞ്ഞു.